വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാർ; വാക്കുകൾ വളച്ചൊടിച്ചു : ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ

Published by
Janam Web Desk

എറണാകുളം: സിനിമാ താരം ഹണി റോസിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍.തന്റെ വാക്കുകൾ ആളുകൾ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാറാണെന്നും, തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

തനിക്കെതിരെ പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ ശരിയല്ലെന്നും പരസ്പരം കണ്ട രണ്ട് അവസരങ്ങളിലും താൻ വളരെ മര്യാദയോടെയാണ് പെരുമാറിയതെന്നും ബോബി ചെമ്മണ്ണൂർ അവകാശപ്പെട്ടു .

‘ഞാന്‍ രണ്ട് പ്രാവശ്യമാണ് അവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുള്ളത്. അതിനിടെ, കുന്തീദേവിയുമായി ഞാന്‍ അവരെ ഉപമിച്ചിരുന്നു. അതൊക്കെ കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളായി. മോശമായ വാക്കുകളോ കാര്യങ്ങളോ ഞാന്‍ പറഞ്ഞിട്ടില്ല. വളരെ മര്യാദയോടെയാണ് ഹണിയുടെ അടുത്ത് പെരുമാറിയിട്ടുള്ളത്. അവരും അങ്ങിനെ തന്നെയായിരുന്നു. ഇപ്പോള്‍ പെട്ടെന്ന് ഇങ്ങനെ ഒരു പരാതി വന്നിരിക്കുന്നു. എന്നോട് വ്യക്തിവൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല.

ഞാന്‍ ഇങ്ങനെ പറഞ്ഞത് ആളുകള്‍ വളച്ചൊടിച്ച് സംസാരിച്ചത് അവര്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. പലരുടെ അടുത്തും ഇങ്ങനെ പറയാറുണ്ട്. ഇനിയിപ്പോള്‍, ഒരാള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യത്തിലേക്ക് പോകില്ല. ഇടയ്‌ക്ക് ഇതുപോലുള്ള തമാശകളൊക്കെ പറയും. വേറെ ഉദ്ദേശമൊന്നും അതിലില്ല’, ഒരു സ്വകാര്യ ചാനലിൽ ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.

ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഹണി റോസ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയിരുന്നു . ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു . ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി.

ഒരു വ്യക്തി തന്നെ ദ്വായർത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്ന് രണ്ടുദിവസം മുമ്പുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നടി ആരോപിച്ചിരുന്നു. ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് കടക്കും എന്ന് റിപ്പോർട്ടുകളുണ്ട്.

Share
Leave a Comment