കൊച്ചി : നേരിട്ട സൈബര്‍ അതിക്രമങ്ങളും നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തുറന്നുപറഞ്ഞതില്‍ നടി ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. പിന്തുണ അറിയിക്കുന്നത്തിനായി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അവൾക്കൊപ്പമെന്ന് കുറിപ്പും ഇട്ടിട്ടുണ്ട്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‌കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് ഡബ്ല്യുസിസി നിലപാട് അറിയിച്ചത്.
‘ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’ എന്ന് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ പുതുതായി ഇട്ട പോസ്റ്റിൽ പറയുന്നു
സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല.
ഇന്നലെ അറസ്റ്റ് ചെയ്ത ഷാജിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ഹണി റോസ് വിഷയത്തിൽ ഡബ്ല്യുസിസിയുടെ നിലപാടിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു മുതൽ മലയാള സിനിമയിലെ എല്ലാ കൊള്ളരുതായ്മകൾ ചെയ്യുന്നതും അതിന് കുടപിടിക്കുന്നതും അമ്മ സംഘടനയെന്ന് പറഞ്ഞ് പോസ്റ്റിട്ടവരും പിന്തുണ പ്രഖ്യാപിച്ചവരും പരിതപിച്ചവരും നടി ഹണിറോസിന്റെ വിഷയം വന്നപ്പോൾ വായിൽ പഴംതിരുകിയിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടായി .
ഒരു ഹാഷ്ടാഗ് പിന്തുണയ്‌ക്കോ രണ്ടുവരി പോസ്റ്റെങ്കിലും ഇടാനോ നട്ടെല്ലിനുറപ്പില്ലാത്ത വുമൺ ഇൻ സിനിമ കളക്ടീവിന്റെ (WCC) ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന വാദങ്ങൾ. സെലക്ടീവ് ഫെമിനസവും പിന്തുണയും മാത്രം വാഗ്ദാനം ചെയ്യുന്നവർ സിനിമ മേഖലയിലെ സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും അഹോരാത്രം പ്രയത്നിക്കുന്നു എന്നാണ് വയ്പ്പ്.അമ്മയിലെ അംഗമായതു കൊണ്ടാകാം നീതി ലഭിക്കേണ്ട സ്ത്രീകളുടെ നിരയിൽ ഹണിയെ ഉൾപ്പെടുത്താൻ ഇതുവരെ WCC തയാറാകാത്തതെന്നായിരുന്നു പരിഹാസം.
സോഷ്യൽ മീഡിയയിൽ ഉയർന്ന ഈ പരിഹാസങ്ങളും വിമർശനങ്ങളും ഡബ്ല്യുസിസിയുടെ നിലപാട് മാറ്റത്തിന് കാരണമായെന്നും ഒരു വാദമുണ്ട്.
Leave a Comment