തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. വൈകുന്നേരം അഞ്ച് മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാകും സമാപന സമ്മേളനം. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ മുഖ്യാതിഥികളാകും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
കലോത്സവ സ്വർണക്കപ്പ് വിതരണവും 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്‌കൂൾ കായികമേളയുടെയും മാദ്ധ്യമ പുരസ്‌കാര വിതരണവും മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മന്ത്രി ജിആർ അനിൽ അദ്ധ്യക്ഷനാകും. സ്പീക്കർ എഎൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും.
സ്വർണ കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻനായരെ സമാപന സമ്മേളനത്തിൽ ആദരിക്കും. പാചക രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ച ഹരിത കർമസേന, പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട്‌സ് പ്രവർത്തകരെയും ആദരിക്കും. പല ഇനങ്ങളിലായി 78-ഓളം പുരസ്‌കാരങ്ങളാണ് നൽകുന്നത്. ഉച്ചക്ക് രണ്ടുമണിയോടെ മത്സരങ്ങൾ എല്ലാം പൂർത്തിയാക്കുന്ന രീതിയിലാണ് ക്രമീകരണം. ഉച്ചതിരിഞ്ഞ് മൂന്നരയ്‌ക്ക് അപ്പീലുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും.
പത്ത് മത്സരങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. നാലാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ തൃശൂരാണ് ഒന്നാം സ്ഥാനത്ത്. 965 പോയിൻ്റോടെയാണ് തൃശൂർ അപ്രതീക്ഷിതമായി ഒന്നാം സ്ഥാനത്തെത്തിയത്. 961 പോയിൻ്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 959 പോയിൻ്റോടെ കോഴിക്കോടാണ് മൂന്നാമത്.















