തിരുവന്തപുരം: 20 കോച്ചുകളുള്ള തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് ( 20634/ 20633)വെള്ളിയാഴ്ച മുതൽ സർവ്വീസ് തുടങ്ങും. പുതിയ നാല് കോച്ചുകൾ കൂടി വന്നതോടെ 312 പേർക്ക് കൂടി യാത്ര ചെയ്യാൻ സാധ്യമാകും. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 1328 ആയി ഉയർന്നു. 18 ചെയർകാർ കോച്ചുകളും 3 എക്സിക്യൂട്ടിവ് കോച്ചുകളുമാണ് പുതിയ വന്ദേഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിൻ കമ്മിഷൻ ചെയ്യുന്നതിന്റെ മുന്നോരുക്കൾ കൊച്ചുവേളിയിൽ പൂർത്തിയായി.
കേരളത്തിൽ നിലവിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകൾ നീലയും വെള്ളയും നിറത്തിലാണ്. എന്നാൽ 20 കോച്ചുകളുള്ള വന്ദേഭാരതിന് ഗ്രേ,ഓറഞ്ച്,ബ്ലാക്ക് നിറമാണ്. നിലവിലെ 16 കോച്ചുള്ള ട്രെയിൻ ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് എക്‌സ്പ്രസുകൾ അറ്റകുറ്റപ്പണികൾക്കായി മാറ്റുമ്പോൾ സ്‌പെയറായി ഉപയോഗിക്കുമെന്നാണ് വിവരം.
ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വന്ദേഭാരത് സർവ്വീസാണ് തിരുവനന്തപുരം- കാസർകോട് റൂട്ടിലൊടുന്നത്. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും നിലവിൽ സർവ്വീസുണ്ട്. രാവിലെ 5.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 1.20 ന് കാസർകോട് എത്തുന്നു. മടക്കയാത്ര കാസർകോഡ് നിന്ന് ഉച്ചയ്‌ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം.
സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവുകൊണ്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന് വലിയ ജനസ്വീകാര്യത ലഭിച്ചിരുന്നു. കോച്ചുകളുടെ എണ്ണം കൂടിയതോടെ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാനും ടിക്കറ്റ് ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യും.















