ശബരിമലയിൽ വൻ ഭക്തജന തിരക്ക്. പതിനെട്ടാംപടി കയറാൻ എട്ട് മണിക്കൂറിലേറെയാണ് ഭക്തർ കാത്തുനിൽക്കുന്നത്. തിരക്കേറിയതോടെ നിലയ്‌ക്കലും സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ ആരംഭിച്ചു. പമ്പയിലെ ഏഴ് കൗണ്ടറിൽ നിന്നാണ് മൂന്നെണ്ണം നിലയ്‌ക്കലിലേക്ക് മാറ്റുന്നത്.
സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്‌ക്ക് 12 മണി വരെയാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നേരത്തെ ഒരു മണി വരെയായിരുന്നു പ്രവേശന സമയം.
മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വെള്ളിയാഴ്ച മുതൽ പ്രത്യേക ക്രമീകരണമേർപ്പെടുത്തും. 13-ാം തീയതി വെർച്വൽ ക്യൂ 50,000 ആയും 14-ന് 40,000 ആയും പരിമിതപ്പെടുത്തും. 13-ന് 5,000 പേർക്കും 14-ന് 1,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താം.
15-ന് വെർച്വൽ ക്യൂ വഴി ദർശനത്തിന് 70,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവർ അന്നേ ദിവസം രാവിലെ ആറിന് പമ്പയിലെത്തിയാൽ മതിയെന്ന് നിർദ്ദേശമുണ്ട്. 15-ന് സ്പോട്ട് ബുക്കിംഗ് രാവിലെ 11 മണിക്ക് ശേഷം മാത്രമായിരിക്കും നടക്കുക.