ന്യൂഡൽഹി: വിരമിക്കൽ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണർ രാജീവ് കുമാർ. കുറച്ച് മാസം ഹിമാലയത്തിൽ ഏകാന്തവാസം അനുഷ്ഠിക്കുമെന്നും ശേഷിക്കുന്ന സമയം സന്നദ്ധ പ്രവർത്തനത്തിനായി മാറ്റിവയ്‌ക്കുമെന്നും രാജീവ് കുമാർ മനസ്സ് തുറന്നു. 2020 മെയ് 15 ന് ചുമതലയേറ്റ അദ്ദേഹം ഫെബ്രുവരി 18 നാണ് വിരമിക്കുന്നത്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എന്ന നിലയിൽ രാജീവ് കുമാറിന്റെ അവസാന വാർത്താ സമ്മേളനമായിരുന്നു. ഭാരതത്തിന്റെ 25 മത് തെരഞ്ഞെടുപ്പ് കമ്മിഷണറായ അദ്ദേഹം 1984 ബീഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കമ്മിഷണറായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായും പ്രവർത്തിച്ച അദ്ദേഹം ഒരു ലോക്സഭ തെരഞ്ഞെടുപ്പിനും 31 നിയമസഭാ തെരഞ്ഞെടുപ്പിനും ചുക്കാൻ പിടിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ വോട്ടിംഗും ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി വലിയ വെല്ലുവിളികൾ ഭംഗിയായി പൂർത്തികരിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.
വിരമിക്കൽ ജീവിതത്തെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു…. “നാലഞ്ചു മാസം എല്ലാ തിരിക്കുകളിൽ നിന്നും അകന്ന് ഹിമാലയത്തിൽ ഏകാന്ത വാസത്തിലും ധാന്യത്തിലുമായിരിക്കും. പാർശ്വവത്കരിക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഇനിയുള്ള ജീവിതം മാറ്റിവെക്കും”- അദ്ദേഹം പറഞ്ഞു.















