ശ്രീ പദ്മനാഭ സ്വാമിക്ക് പ്രധാനം: ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി ജനുവരി 10 വെള്ളിയാഴ്ച ; ആചരിക്കേണ്ടതെങ്ങിനെയെന്നറിയാം

Published by
Janam Web Desk

ഗുരുവായൂർ ഏകാദശി ആചരിക്കുന്നവർ നിശ്ചയമായും ആചരിക്കേണ്ട മറ്റൊരു ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി. ദക്ഷിണേന്ത്യയിലെ ഏതാണ്ട് എല്ലാ വൈഷ്ണവക്ഷേത്രങ്ങളിലും ഇത് അത്യധികം ഗംഭീരമായി ആചരിക്കുന്നു. ശ്രീരംഗം, ശ്രീവൈകുണ്ഡം, തിരുമല, തുടങ്ങിയ ക്ഷേത്രങ്ങളിൽ സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷം തന്നെയുണ്ട്.ഗുരുവായൂർ ഏകാദശി നോറ്റാൽ സ്വർഗ്ഗവാതിൽ ഏകാദശിയും നോൽക്കണം എന്നു വിശ്വാസമുണ്ട്.

ധനു മാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന ഏകാദശിയാണ് കേരളീയർ സ്വർഗ്ഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. ഭഗവാൻ വിഷ്ണുവിന്റെ ലോകമായ വൈകുണ്ഡത്തിലേക്കുള്ള വാതിൽ തുറക്കുന്ന ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി. സ്വർഗ്ഗകവാടം തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം.അതുകൊണ്ട് തന്നെ മിക്ക വൈഷ്ണവ (കൃഷ്ണ) ക്ഷേത്രങ്ങളിലും ഇത് ആഘോഷ ദിവസമാണ്. വിഷ്ണു അഥവാ കൃഷ്ണ ക്ഷേത്രദർശനം നടത്താൻ വളരെ വിശേഷപ്പെട്ട ദിവസമാണ് ഇതെന്ന് സങ്കല്പം.

ഇഹലോക സൗഖ്യവും പരലോക മോക്ഷവു ആണ് ദർശന ആചരണ ഫലം. ചില ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ക്ഷേത്രത്തിലെ ഒരു വാതിൽ, പ്രത്യേകിച്ച് മുൻവാതിൽ സ്വർഗ്ഗവാതിൽ അല്ലെങ്കിൽ വൈകുണ്ഠ കവാടമായി സങ്കൽപ്പിച്ചു പ്രത്യേക പൂജ നടത്തുന്നു, അതിൽകൂടി കടന്ന് ദർശനവും ആരാധനയും നടത്തി മറ്റൊരു വാതിൽ വഴി (മിക്കവാറും പിൻവാതിൽ വഴി) പുറത്തു വരുന്നതാണ് സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രധാന ചടങ്ങ് . അതിലൂടെ സ്വർഗമോ അതിനേക്കാൾ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെയോ കടന്നു പോകുന്നു എന്നാണ് വിശ്വാസം.
സർഗവാതിൽ ഏകാദശി ദിവസത്തിലെയും ആചരണരീതികൾ മറ്റെല്ലാ ഏകാദശിയുടെയും പോലെ തന്നെയാണ്. പൊതുവായ വ്രതവിധികളിൽ വ്യത്യാസമില്ല.ഇപ്പോഴത്തെ മനുഷ്യജന്മത്തിനുശേഷം സ്വർഗ്ഗലോകത്തിലേക്ക് പ്രവേശിക്കുവാൻ ഈ വ്രതം മൂലം സാധ്യമാകും. ഈ ഏകാദശി പിതൃ പ്രീതികരമാണ്. പിതൃ കർമ്മങ്ങളിൽ എന്തെങ്കിലും ലോപങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് മൂലം ഉണ്ടായ ദോഷങ്ങൾ അനുഭവിക്കുന്നവർ ഈ വ്രതം അനുഷ്ഠിച്ചാൽ അവയൊക്കെ പരിഹരിക്കപ്പെടും.

തെക്കൻ കേരളത്തിൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലാണ് സ്വർഗ്ഗവാതിൽ ഏകാദശി പ്രധാനമായിട്ടുള്ളത്. തൃശൂർ ജില്ലയിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരി, തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇത് വലിയ ആഘോഷമാണ്..

ഭഗവാൻ കൃഷ്ണൻ സതീർത്ഥൻ ആയിരുന്ന കുചേലന്റെ അവിൽപൊതി പങ്കുവെച്ച് കുചേലനെ കുബേരൻ ആക്കിയ ദിവസമാണ് സ്വർഗ്ഗ വാതിൽ ഏകാദശി എന്നാണ് ഉത്തരേന്ത്യയിലെ വിശ്വാസം. കേരളത്തിൽ ഗുരുവായൂരിൽ കുചേല അവിൽ ദിനം ആചരിക്കുന്നത് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ്.

ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. മൂന്നു തിഥികൾ വരുന്ന പൂർണ്ണ ദിവസങ്ങളിൽ ആണ് ഏകാദശി വ്രതം എടുക്കേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമി മുതൽ വ്രതം ആരംഭിക്കുന്നു. ദശമിനാൾ ഒരിക്കൽ മാത്രം ആഹാരം കഴിക്കാം. അന്ന് ലളിത ജീവിതം നയിക്കാൻ പ്രതൃകം ശ്രദ്ധിക്കണം. നിലത്ത് കിടന്നുറങ്ങുകയും പാദരക്ഷകൾ ഇല്ലാതെ നടക്കുന്നതും ഉചിതമാണ്. ഏകാദശിനാൾ സൂര്യോദയത്തിന് മുൻപുണരണം. രാവിലെ എണ്ണതേക്കാതെ കുളികഴിഞ്ഞ് വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ചശേഷംവിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തണം. കഴിയുന്നതും സ്വന്തം വീട്ടില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ചശേഷം വേണം ക്ഷേത്രദര്‍ശനം. ഭഗവാന് നാല് പ്രദക്ഷിണമാണ് വേണ്ടത്. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ നടത്തുന്നത് ഐശ്വര്യപ്രദമാണ്. അന്നേ ദിവസം ഭഗവത് നാമങ്ങളും കീർത്തനങ്ങളും ജപിക്കുക. വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം എന്നിവ ചോല്ലുന്നത് ഉത്തമമാണ്. സാധിക്കാത്തവർ അഷ്ടാക്ഷരിയും ദ്വാദശാക്ഷരി മഹാമന്ത്രവും ജപിക്കേണ്ടതാണ്.

ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി ജനുവരി 10 വെള്ളിയാഴ്ചയാണ്. ദശമി ജനുവരി 9 ഉം ദ്വാദശി ജനുവരി 11 ഉം ആണ് കണക്കാക്കേണ്ടത്. ജനുവരി 11 തന്നെയാണ് ത്രയോദശിയും.

Share
Leave a Comment