തിരുവനന്തപുരം: നിയമപോരാട്ടത്തിനായി പിന്തുണ നൽകിയ ഏവർക്കും നന്ദി അറിയിച്ച് നടി ഹണി റോസ്. കേരളാ പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദിയറിയിച്ചാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ നിരന്തരം അപമാനിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയും സമൂഹമാദ്ധ്യമങ്ങളിലൂടെ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും നടി പരാതി നൽകിയതിന് പിന്നാലെ സംസ്ഥാന സർക്കാരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണയ്‌ക്കാണ് ഹണി റോസ് നന്ദിയറിയിച്ചത്. കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ കൂടെ നിന്നവർ, പിന്തുണ നൽകിയ മാദ്ധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവർക്കും ഹണി റോസ് നന്ദിയറിയിച്ചു.
ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലൈംഗിക പരാമർശങ്ങളിലൂടെ അധിക്ഷേപിച്ച കേസിലാണ് നടപടി. വയനാട്ടിലെ റിസോർട്ട് പരിസരത്ത് നിന്ന് ബോബിയുടെ വാഹനം തടഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്കാണ് ബോബിയെ എത്തിക്കുക. അറസ്റ്റ് രേഖപ്പെടുത്തിയാൽ വൈദ്യപരിശോധനയ്‌ക്ക് ശേഷം ഇന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. ജാമ്യം ലഭിക്കാത്ത വകുപ്പാണ് പൊലീസ് ചുമത്തിയത്. അതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാകില്ല.
ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ നിരന്തരമായി ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹണി റോസിന്റെ പരാതി. ഇത് സാധൂകരിക്കുന്ന തെളിവുകൾ നടി സമർപ്പിച്ചേക്കും.