തിരുവനന്തപുരം: സ്വർണക്കപ്പ് ആരെടുക്കുമെന്ന ചോദ്യത്തിന് ഉദ്വേഗജനകമായ ക്ലൈമാക്സ് നൽകി ഒടുവിൽ തൃശൂരിലെ പിള്ളേർ സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ സിനിമാതാരങ്ങളായ ടൊവിനോ തോമസും ആസിഫ് അലിയും സർക്കാർ പ്രതിനിധികളും ചേർന്ന് കലാകിരീടം തൃശൂരിന് സമ്മാനിച്ചു. വെറും ഒറ്റപോയിന്റെ വ്യത്യാസത്തിൽ സ്വർണക്കപ്പ് നഷ്ടപ്പെട്ട പാലക്കാട് രണ്ടാം സ്ഥാനത്തും 1003 പോയിന്റോടെ കണ്ണൂർ ജില്ല മൂന്നാമതുമായി. 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇതോടെ കൊടിയിറങ്ങി.
സമാപന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത നടൻ ആസിഫ് അലി തൃശൂരിലെ കുട്ടികൾക്ക് അപ്രതീക്ഷിതമായ സമ്മാനവും പ്രഖ്യാപിച്ചു. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ രേഖാചിത്രം ജനുവരി ഒമ്പതിന് റിലീസ് ചെയ്യുമ്പോൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത തൃശൂരുകാർക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്നാണ് പ്രഖ്യാപനം. കലാകിരീടം ചൂടിയ തൃശൂരിന് കല ജീവിതമാക്കിയ ആസിഫിന്റെ സ്നേഹസമ്മാനം..
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കസേര പിടിച്ചിടാൻ പോലും കലോത്സവവേദിയിൽ കയറാത്ത തന്നെ സമാപന വേദിയിൽ എത്തിച്ചത് കലയാണെന്നും ആസിഫ് അലി പറഞ്ഞു. നടൻ ടൊവിനോ തോമസും വിജയികൾക്ക് അഭിനന്ദനമറിയിച്ചു. ഭാവിയുടെ താരങ്ങളെ കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നും ഏത് തൊഴിലിലേക്ക് തിരിഞ്ഞാലും കലയെ കൂടെ കൂട്ടണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവം ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് തൃശൂർ ജില്ല കിരീടജേതാക്കളാകുന്നത്. 1994, 96, 99 വർഷങ്ങളിലായിരുന്നു നേട്ടം. 25 വർഷത്തിന് ശേഷമാണ് ഇപ്പോൾ സ്വർണക്കപ്പ് തിരിച്ചുപിടിച്ചതെന്ന പ്രത്യേകതയുമുണ്ട്.
പോയിന്റ് നിലകൾ
1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിൽ. ആതിഥേയരായ തിരുവനന്തപുരം 957 പോയിൻ്റ് നേടി എട്ടാം സ്ഥാനക്കാരായി. തൃശൂരും പാലക്കാടും ഹൈസ്കൂൾ വിഭാഗത്തിൽ 482 പോയിൻ്റുമായി ഒന്നാമതെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ 526 പോയിൻ്റുമായി തൃശൂരാണ് ഒന്നാമത്. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകൾ 95 പോയിൻ്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. അതേസമയം ഹൈസ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽ കാസർകോടും മലപ്പുറവും പാലക്കാടും 95 പോയിൻ്റുമായി ഒന്നാമതെത്തി. സ്കൂളുകളിൽ പാലക്കാട് ജില്ലയിലെ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 171 പോയിൻ്റുമായി ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ 116 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുമെത്തി. 106 പോയിൻ്റുമായി മാനന്തവാടി എം.ജി.എം ഹയർ സെക്കന്ററി സ്കൂളാണ് മൂന്നാമത്.















