കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിലാണ് പൊലീസ് നടപടി. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ നാളെ ഹാജരാക്കുമെന്നാണ് വിവരം.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ബോബിയെ എത്തിച്ചത്. കസ്റ്റഡിയിലെടുക്കാനായി ഇന്നുപുലർച്ചെ കൊച്ചി പൊലീസ് വയനാട്ടിൽ എത്തിയിരുന്നു. രാവിലെ തന്നെ ബോബിയുടെ റിസോർട്ടിലെത്തിയ അന്വേഷണ സംഘം പ്രതിയുടെ വാഹനം തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തു. തുടർന്ന് റോഡ് മാർഗം കൊച്ചിയിൽ എത്തിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറായിരുന്നു അറസ്റ്റ്.
ഹണി റോസിനെതിരെ നിരന്തരമായ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയതാണ് ബോബി ചെമ്മണ്ണൂരിന് വിനയായത്. ഇക്കാര്യത്തിൽ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കിയിരുന്ന നടി ഒരുഘട്ടമെത്തിയപ്പോൾ നിയമപരമായി പോരാടാൻ തീരുമാനിക്കുകയായിരുന്നു. താരസംഘടനയായ അമ്മയിൽ നിന്നും നിർമാതാക്കളുടെ സംഘടനയായ ഫെഫ്കയിൽ നിന്നും ഹണി റോസിന് പിന്തുണ ലഭിച്ചു.
അശ്ലീല പരാമർശങ്ങളും മോശം കമന്റുകളും നടത്തുന്നവരെ നിയമപരമായി നേരിടുമെന്നാണ് നടി ഹണി റോസിന്റെ പ്രഖ്യാപനം. സോഷ്യൽമീഡിയയിലൂടെ വൻ ജനപിന്തുണയാണ് ഹണിക്ക് ലഭിക്കുന്നത്. പൊലീസിന് നൽകിയ പരാതിക്ക് പിന്നാലെ ഹണി റോസ് തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടിയിലെത്തിയാണ് രഹസ്യമൊഴി നൽകിയത്.