എറണാകുളം: സിനിമ താരം ഹണിറോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ അറസ്റ്റിലായ സ്വർണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ബോബി ചെമ്മണ്ണൂരിനെ ഹാജരാക്കുക.
ഇന്നലെ രാത്രിയോടെ തന്നെ ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. നിലവിൽ കൊച്ചി സെൻട്രൽ പൊലീസിന്റെ കസ്റ്റഡിയിലാണ് ബോബി ചെമ്മണ്ണൂർ ഉള്ളത്.
വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ ഇന്നലെ വൈകുന്നേരത്തോടെയാണ് കൊച്ചിയിൽ എത്തിച്ചത്. പിടിയിലായതിനെ തുടർന്ന് അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.