കൊച്ചി : തന്റേത് മുൻകൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണൂരിന്റെ മൊഴി. വിവാദ പരാമർശം ആ വേദിയിൽ മാത്രമായി പറഞ്ഞതാണ് . പരാമർശം വളച്ചൊടിക്കപ്പെട്ടു, നാലുമാസം മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതി നൽകിയതിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും മൊഴിയുണ്ട് . പരാമർശങ്ങളിൽ കുറ്റബോധമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ പ്രതികരണം.
ബോബി ചെമ്മണ്ണൂർ നടത്തിയ പരാമർശങ്ങളുടെ വീഡിയോ ഉള്‍പ്പെടെയുളള ദൃശ്യങ്ങൾ കാണിച്ചുകൊണ്ടായിരുന്നു ചോദ്യംചെയ്യൽ . എന്നാൽ നടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയിട്ടില്ലെന്ന് ബോബി പൊലീസിനോട് പറഞ്ഞു. കുറ്റബോധമില്ലെന്ന് ചോദ്യത്തിന് മറുപടിയായി മാധ്യമ പ്രവർത്തകരോടാണ് പ്രതികരിച്ചത്.നടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകള്‍ കൂടി ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തുന്നതിനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇന്നലെ മെഡിക്കൽ പരിശോധനയ്‌ക്ക് ശേഷം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ രാത്രിയിൽ താമസിപ്പിച്ചത്. സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നില്ല. ബോബിയെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും.
ബോബിയുടെ ഫോണും ഇന്ന് കോടതിയിൽ ഹാജരാക്കും. ബോബി ചെമ്മണ്ണൂർ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. നടി ഹണി റോസ് നൽകിയ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.















