കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ സുഹൃത്ത് മഹേഷിനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ആറാം തിയതിയാണ് മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിച്ചത്. എലിവിഷം ചേർത്ത കാര്യം സുഹൃത്ത് പറഞ്ഞിരുന്നെങ്കിലും തമാശയാണെന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ മുതൽ കടുത്ത് വയറു വേദനയെ തുടർന്ന യുവാവിനെ ഓർക്കാട്ടേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില വഷളായതിന് തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിക്കുകയായിരുന്നു.
നിധീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മഹേഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.















