‌പ്രഷർ കുറഞ്ഞതാണ്, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല; ജാമ്യത്തിനായി നാളെ ജില്ലാ കോടതിയെ സമീപിക്കും: ജയിലിലേക്ക് പോകും വഴി ബോ.ചെ

Published by
Janam Web Desk

എറണാകുളം: താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ. നടി ഹണി റോസ് നൽകിയ പരാതിയിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബോ.ചെ.

“പ്രഷർ കുറഞ്ഞതാണ്. വീണ് കാല് പൊട്ടിയിട്ടുണ്ട്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ശിക്ഷ തീരുമാനിച്ചിട്ടില്ല. ജാമ്യം നിഷേധിക്കുക മാത്രമാണ് ചെയ്തത്. നാളെ ജില്ലാ കോടതിയിൽ ജാമ്യത്തിനായി അപ്പീൽ നൽകുമെന്നും” ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ 14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻഡ് ചെയ്തത്. കോടതിയിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിന് തുടർന്ന് ബോ. ചെയെ വൈദ്യ പരിശോധനയ്‌ക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബോ.ചെയുടെ അനുയായികളായ നിരവധി പേർ പ്രതിഷേധവുമായി ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇൻഫോ പാർക്ക്, കാക്കനാട്, തൃക്കാകര സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സന്നാഹങ്ങൾ സ്ഥലത്തുണ്ടായിരുന്നു.

ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെ നിയമവ്യവസ്ഥയ്‌ക്ക് നന്ദി അറിയിച്ച് ഹണി റോസ് ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. നിവർത്തികെട്ടാണ് താൻ പ്രതികരിച്ചതെന്നും ആരെയും ഉപദ്രവിക്കാൻ താൻ ആ​ഗ്രഹിച്ചിട്ടില്ലെന്നും ഹണി റോസ് കുറിച്ചു.

Share
Leave a Comment