കൊച്ചി: സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് സുപ്രിം കോടതിയെ സമീപിച്ചു. സിപിഎമ്മിനെ എതിർ കക്ഷിയാക്കിയാണ് ഹർജി.
രാഷ്‌ട്രീയ തീരുമാനമാണ് നടപ്പാക്കിയതെന്നാണ് ഹർജിയിലെ വാദം. ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാനുള്ള അഡ്വൈസറി കമ്മറ്റിയുടെ തീരുമാനം ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 21-നാണ് എം.എം ലോറൻസ് അന്തരിക്കുന്നത്. മൂന്നുമാസമായി ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകനായ അഡ്വ എം. എൽ സജീവന്റെയും പാർട്ടിയുടെയും തീരുമാനം. എന്നാൽ ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്‌കരിക്കണമെന്നുമായിരുന്നു മകളായ ആശ ലോറൻസിന്റെ ആവശ്യം. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ സമ്മതിക്കാതിരുന്ന ആശയെ ബലപ്രയോഗത്തിലൂടെ മാറ്റിയ ശേഷമാണ് മൃതദേഹം പൊതുദർശനത്തിന് വെച്ച ടൗൺഹാളിൽ നിന്നും കൊണ്ടുപോയത്.
ഇതിന് പിന്നാലെ ആശ കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഹർജിയിൽ തീർപ്പാകുന്നതുവരെ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു. പിന്നീട് സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ആശ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയത്.















