പാൽഘർ: പെർഫ്യൂം ബോട്ടിലിന്റെ കാലാവധി കുറിച്ചിരിക്കുന്നത് തിരുത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മഹാരാഷ്‌ട്രയിലെ പാൽഘറിലായിരുന്നു സ്ഫോടനം നടന്നത്.
വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച പുലർച്ചെയ്‌ക്കുമിടയിലായിരുന്നു അപകടം. മുംബൈയിലെ നല്ല-സൊപോറോയിലുള്ള റോഷ്ണി അപ്പാർട്ട്മെന്റ് റൂം നമ്പർ 112ലായിരുന്നു സ്ഫോടനമുണ്ടായത്. മഹാവീർ വദർ (41), സുനിത വദർ (38), കുമാർ ഹർഷവർദ്ധൻ വദർ (9), കുമാരി ഹർഷദ വദർ (14) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതെന്ന് പൊലീസ് അറിയിച്ചു.
സ്പ്രേ ബോട്ടിലിന്റെ പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന കാലാവധിയിൽ മാറ്റം വരുത്താൻ ശ്രമം നടത്തിയതാണ് അപകടത്തിന് കാരണമായത്. തീപ്പൊരിക്ക് ഇടയാക്കുന്ന വസ്തു ഉപയോഗിച്ച് ബോട്ടിലിൽ തിരുത്താൻ ശ്രമിച്ചതാകാം അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.