കൊച്ചി: നടി ഹണി റോസ് സമർപ്പിച്ച ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിൽ തന്നെ തുടരും. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബോബിക്ക് പ്രത്യേക പരിഗണിയില്ലെന്നും അടിയന്തരമായി ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ്. പി. വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചു.
ബോബി ചെമ്മണ്ണൂരിന് എന്ത് പ്രത്യേകതായാണുള്ളതെന്നും പൊതുയിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും കോടതി ചോദിച്ചു. പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് വാങ്ങിയതായി പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. ബി രാമൻപിള്ള പറഞ്ഞെങ്കിലും കൂടുതൽ വിസ്താരത്തിലേക്ക് കടക്കാൻ കോടതി അനുവദിച്ചില്ല. നടി വേട്ടയാടുകയാണെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദത്തിനിടെ ചൂണ്ടിക്കാട്ടി.
രണ്ട് ദിവസം കോടതി അവധിയായതിനാലാണ് ജാമ്യത്തിനായി ഹൈക്കോടതിയെ തന്നെ ബോബി ചെമ്മണ്ണൂർ സമീപിച്ചത്. എങ്ങനെയെങ്കലും ജാമ്യം വാങ്ങിയെടുക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. പിന്നാലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. കാക്കനാട് സബ് ജയിലിലാണ് ബോബി ചെമ്മണ്ണൂരുള്ളത്.















