ന്യൂഡൽഹി: അധോലോക ഡോൺ ഛോട്ടാ രാജന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിഹാർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഛോട്ടാ രാജനെ ഡൽഹിയിലെ എയിംസിലാണ് പ്രവേശിപ്പിച്ചത്. സൈനസ് പ്രശ്നം നേരിടുന്നതിനാൽ മൂക്കിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കുമെന്നാണ് വിവരം. ശസ്ത്രക്രിയക്ക് പിന്നാലെ ആവശ്യമായ വിശ്രമമെടുത്തതിന് ശേഷം ജയിലിലേക്ക് കൊണ്ടുവരുമെന്നും തിഹാർ ജയിൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയായിരുന്നു ഛോട്ടാ രാജൻ. നിരവധി കൊലപാതകക്കേസുകളിലും സംഘടിത കുറ്റകൃത്യങ്ങളിലും പ്രതിയാണ് ഇയാൾ. 2011ൽ ജെ. ദേയി എന്ന മാദ്ധ്യമപ്രവർത്തകനെ കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നിലവിൽ. 2015 ഒക്ടോബറിൽ ഇന്തോനേഷ്യൻ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് മൂന്ന് പതിറ്റാണ്ടിലേറെ കാലം ഒളിവിലായിരുന്നു ഛോട്ടാ രാജൻ. കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ബാലിയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറിയതോടെ ഇയാൾക്കെതിരെ വിചാരണകൾ ആരംഭിക്കുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ തടവിലാവുകയുമായിരുന്നു.















