വംശനാശ ഭീഷണിയുടെ വക്കിലാണ് ഉറുമ്പുതീനിയെന്ന് വിളിക്കുന്ന ഈനാംപേച്ചികൾ. ശൽക്കങ്ങളാണ് ഈനാപേച്ചിയുടെ പ്രത്യേകത. ഈ ശൽക്കങ്ങൾ ബൂട്ടുകളും ഷൂകളും ഉൾപ്പടെയുള്ള തുകൽ വസ്തുക്കൾ നിർമിക്കാൻ ഉപയോഗിച്ചുവരുന്നു.
ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന സസ്തിനികൾ കൂടിയാണ് ഇവ. വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് നിലവിൽ ഈനാംപേച്ചി ഉൾപ്പെട്ടിട്ടുള്ളത്. ഇതിനിടയിൽ പ്രതീക്ഷ നൽകി പുതിയ ഇനം ഈനാംപേച്ചികളെ കണ്ടെത്തിയിരിക്കുകയാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI).
ഇൻഡോ-ബർമീസ് പാംഗോലിൻ (മാനിസ് ഇൻഡോ-ബർമാനിക്ക) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇനം ഈനാംപേച്ചിയെയാണ് കണ്ടെത്തിയത്. അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ എന്നീ രാജ്യങ്ങളിലുമാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. കൽക്കട്ട സർവകലാശാലയിലെ ഗവേഷണ പണ്ഡിതനായ ലെന്റിക് കൊഞ്ചോക്ക് വാങ്മോ ഉൾപ്പെട്ട സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ആധുനിക ജനിതക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കണ്ടെത്തൽ.
വിപുലമായ ജിനോമിക് ടൂളുകൾ ഉപയോഗപ്പെടുത്തി മൈറ്റോകോൺഡ്രിയൽ ജിനോമുകളെ വിശകലനം ചെയ്താണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. ഈനാംപേച്ചിയുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വാങ്മോ പറഞ്ഞു.
ഏകദേശം 3.4 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ചൈനീസ് ഈനാംപേച്ചിയിൽ നിന്ന് വ്യതിചലിച്ചവയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഇനം. ഈനാംപേച്ചികളുടെ പരിണാമത്തിലേക്ക് വെളിച്ചം വീശുന്നതാണ് കണ്ടെത്തൽ. ആഗോളതലത്തിൽ വംശനാശ ഭീഷണി നിലനിൽക്കുന്നതിനാൽ തന്നെ പരിണാമത്തെ കുറിച്ചറിയുന്നത് സംരക്ഷണമേർപ്പെടുത്തുന്നതിൽ നിർണായകമാകും.















