ചെന്നൈ: പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു. 72 വയസായിരുന്നു. അനാരോഗ്യത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവ് കൂടിയാണ് കമല.
അമ്മ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സ്വഭാവനടിയാണ് കമലാ കാമേഷ്. എൺപതുകളിൽ തമിഴ് സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള താരമായിരുന്നു. വിഷു സംവിധാനം ചെയ്ത ‘സംസാരം അതു ദിലിക്കും’ എന്ന ചിത്രത്തിലെ ‘ഗോദാവരി’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഞ്ഞൂറോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ 11 മലയാള സിനിമകളിലും വേഷമിട്ടിരുന്നു. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും പരമ്പരകളിലും സജീവമായിരുന്നു. 1982-94 കാലത്താണ് ഇവർ മലയാള സിനിമയിൽ അഭിനയിച്ചത്. ധീം തരികിട തോം, ആളൊരുങ്ങി അരങ്ങൊരുങ്ങി, ഉത്സവപ്പിറ്റേന്ന് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
1974-ൽ സംഗീതസംവിധായകനായ കാമേഷിനെയായിരുന്നു കമല വിവാഹം കഴിച്ചത്. 1984ൽ അദ്ദേഹം അന്തരിച്ചു. ഈ ബന്ധത്തിൽ കമലയ്‌ക്ക് ഉമ എന്നൊരു മകളുണ്ട്. നടൻ റിയാസ് ഖാനാണ് ഉമയെ വിവാഹം കഴിച്ചത്.















