കോഴിക്കോട്: മുസ്ലീം ലീഗ്- സമസ്ത പോര് മുറുകുന്നു. പാണക്കാട് സാദിഖലി തങ്ങൾ ക്രൈസ്‍തവ ആചാരങ്ങളിൽ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി സമസ്ത യുവജന നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ഇതര മതസ്ഥരുടെ ആചാരങ്ങളുടെ ഭാഗമാകുന്നത് ഇസ്ലാം ധർമ്മശാസ്ത്രത്തിന് വിരുദ്ധമാണ്. സമസ്‍തയിൽ ജമാ അത്തെ ഇസ്ലാമി നുഴഞ്ഞു കയറിയെന്നും ഹമീദ് ഫൈസി ആരോപിച്ചു. ക്രിസ്മസ് കാലത്ത് സാദിഖലി തങ്ങൾ ക്രൈസ്തവ പുരോഹിതന്മാരെ സന്ദർശിച്ച് കേക്ക് മുറിച്ചു കഴിച്ചതിന്റെ പേരിലാണ് സമസ്ത നേതാവ് പാണക്കാട് തങ്ങൾക്കെതിരെ തിരിഞ്ഞത്.
വിശ്വാസമില്ലാതെ ഇതര മതസ്ഥരുടെ ആചാരങ്ങളുടെ ഭാഗമാകുന്നതിൽ തെറ്റില്ലെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു. ഇതും ഹമീദ് ഫൈസി അമ്പലക്കടവിനെ ചൊടിപ്പിച്ചു.
ജമാ അത്തെ ഇസ്ലാമിയേയും പിഎംഎ സലാമിനെയും ഹമീദ് ഫൈസി അമ്പലക്കടവ് രൂക്ഷമായാണ് വിമർശിക്കുന്നുണ്ട്. പിഎംഎ സലാം ലീഗിന്റെ നേതൃസ്ഥാനത്ത് എത്തിയതിൽ ജമാ അത്തെ ഇസ്ലാമിക്ക് പങ്കുണ്ട്. മുസ്ലീം സമൂഹത്തിനുള്ളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് ജമാ അത്തെ ഇസ്ലാമി നടത്തുന്നത്. ഇവരുടെ ശ്രമം തിരിച്ചറിയാൻ വൈകി. മുസ്ലീം ലീഗിനെ പിളർത്തി ഐഎൻഎൽ ഉണ്ടാക്കിയതിൽ ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിന് പങ്കുണ്ട്. അന്ന് ഐഎൻഎലിന്റെ നേതാവായി സിമി നേതാവായിരുന്ന എം എ വഹാബിനെ നിർദേശിച്ചത് ജമാ അത്തെ ഇസ്ലാമിയാണെന്നും ഹമീദ് ഫൈസി പറഞ്ഞു.
സമസ്തയിൽ ലീഗ് വിരുദ്ധ വിഭാഗം ഉണ്ടെന്ന് ആദ്യമായി ആരോപിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വൺ ആണെന്നും ഹമീദ് ഫൈസി കുറ്റപ്പെടുത്തുന്നു. ആൾബലത്തിൽ കുറവാമെങ്കിലും മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണെന്ന ഹമീദ് ഫൈസി വിമർശിച്ചു.
കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമിയും ലീഗും തമ്മിൽ പതിറ്റാണ്ടുകളുടെ ബന്ധമുണ്ടെന്നും അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും സാദിഖലി ശിബാബ് തങ്ങൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എസ്കെഎസ്എസ്എഫ് ആദർശ സമ്മേളനത്തിലായിരുന്നു ഹമീദ് ഫൈസിയുടെ വിമർശനം. ജമാ അത്തെ ഇസ്ലാമിക്കതിരെ സമസ്തയിലെ ഒരു വിഭാഗം രൂക്ഷമായി വിമർശിക്കുമ്പോഴാണ് പാണക്കാട് തങ്ങളെ പോലുള്ളവർ ഇവരെ കൂടെ നിർത്താനാണ് ശ്രമിക്കുന്നതെന്നും ശ്രദ്ധേയമാണ്. സമസ്തയുടെ മലപ്പുറം മുശ്ശാവറ അംഗം കൂടിയാണ് ഹമീദ് ഫൈസി.















