ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറുമായും കൂടിക്കാഴ്ച നടത്തി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള ഗവർണറായി ചുമതലയേറ്റെടുത്ത ശേഷം പ്രധാനമന്ത്രിയുമായി അദ്ദേഹം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ആദ്യ സന്ദർശനത്തിൽ ചുണ്ടൻവള്ളത്തിന്റെ മനോഹരരൂപമാണ് ഗവർണർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.
പ്രധാനമന്ത്രിയുമായി അദ്ദേഹം ഹ്രസ്വമായ ചർച്ചയും നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും കേരള ഗവർണറുടെ എക്‌സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് വിവരം. ഉപരാഷ്‌ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും രാജ്ഭവൻ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ജനുവരി രണ്ടിനാണ് രാജേന്ദ്ര അർലേക്കർ കേരള ഗവർണറായി ചുമതലയേറ്റത്. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറായി നിയമിച്ചതോടെയാണ് അർലേക്കർ കേരളത്തിലേക്ക് എത്തിയത്. കേരളത്തിന്റെ 23 ാം ഗവർണറാണ്.
ഗോവ സ്വദേശിയായ അർലേക്കർ ഗോവ നിയമസഭ മുൻ സ്പീക്കറും ഗോവയിലെ മുൻ മന്ത്രിയുമായിരുന്നു. ഇതിന് ശേഷം ഹിമാചൽ പ്രദേശ് ഗവർണറായി നിയമിതനായി. അവിടെ നിന്നാണ് 2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണറായി ചുമതലയേറ്റത്.















