ഭഗവാനെ കാണാൻ എത്തുന്നവർ നിരവധിയാണ്, എന്നാൽ ഓടിയെത്തുന്നവരോ? പഞ്ചാബിൽ നിന്ന് അയോദ്ധ്യ വരെ ഓടിയെത്തി ശ്രീരാമ ഭഗവാനെ ദർശിച്ചിരിക്കുകയാണ് ആറ് വയസുകാരനായ ബാലൻ.
പഞ്ചാബിലെ ഫാസിൽക ജില്ലയിലെ കിലിയൻവാലി എന്ന ഗ്രാമത്തിലെ മൊഹബത്ത് എന്ന കുട്ടിയാണ് 1000-ത്തിലേറെ കിലോമീറ്റർ ഓടിയെത്തിയത്. ബാലനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദരിച്ചു. ഒപ്പം മൊബൈൽ ഫോണും സമ്മാനമായി നൽകി. അയോദ്ധ്യ മേയർ മഹന്ത് ഗിരീഷ്പതി ത്രിപാഠിയും വേദിയിൽ സന്നിഹിതനായിരുന്നു.
2024 നവംബർ 15-നാണ് മൊഹബത്ത് യാത്ര ആരംഭിച്ചത്. ജനുവരി ഏഴിനാണ് കുട്ടി അയോദ്ധ്യയിലെത്തിയത്. ഒരു മാസവും 23 ദിവസവും കൊണ്ട് ആയിരത്തിലധികം കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയ ഈ കൊച്ചുമിടുക്കനെ വഴിയിലുടനീളം നിറഞ്ഞ മനസ്സോടെയാണ് ആളുകൾ സ്വീകരിച്ചത്.
പിതാവ് റിങ്കുവിനും ബന്ധുക്കൾക്കുമൊപ്പമാണ് മൊഹബത്ത് ഓട്ടം നടത്തിയത്. യാത്രകളും ജാഥകളും സംഘടിപ്പിക്കുന്ന പതിവുള്ള ഗ്രാമത്തിലാണ് മൊഹബത്ത് താമസിക്കുന്നത്. അവ കണ്ടുകണ്ടാണ് കുട്ടിക്ക് ഇത്തരത്തിലൊരു ആഗ്രഹം ജനിച്ചതെന്ന് പിതാവ് പറഞ്ഞു.
View this post on Instagram
ഇതിനിടയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണണമെന്നും മൊഹബത്ത് ആഗ്രഹം പ്രകടിപ്പിച്ചു. ആറു വയസുകാരന്റെ ആ സ്വപ്നവും യാഥാർത്ഥ്യമായി. ഇതിന് പിന്നാലെയാണ് രാമക്ഷേത്രത്തിന്റെ വാർഷികാഘോഷങ്ങൾ നടക്കുന്ന വേദിയിൽ മൊഹബത്തിനെ ആദരിച്ചത്. 55 ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്. ഓട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.