പ്രസവത്തെ തുടർന്നുള്ള രക്തസ്രാവം മൂലമുള്ള മരണങ്ങൾ കേരളത്തിൽ ഉൾപ്പടെ തുടർക്കഥയാവുകയാണ്. ചികിത്സ പിഴവ് മറച്ചുവച്ച് ഡോക്ടർമാർ പലപ്പോഴും തടിയൂരുന്നതും പതിവാണ്. ചികിത്സ നൽകാത്തിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മാതൃകപരമായ ശിക്ഷ വിധിച്ചിരിക്കുകയാണ് മലേഷ്യൻ കോടതി.
2019-ലാണ് പുനിതാ മഹൻ എന്ന യുവതി മരണത്തിന് കീഴടങ്ങിയത്. ഈ കേസിലാണ് വർഷങ്ങൾക്ക് ശേഷം വിധി വന്നത്. ഇരയുടെ കുടുംബത്തിന് 11.42 കോടി രൂപ നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
പ്രസവത്തിന് പിന്നാലെ യുവിതയെ ചികിത്സിച്ച ഡോക്ടർമാരിലൊരാൾ വെള്ളം കുടിക്കാനായി ലേബർ റൂമിന് പുറത്തേക്ക് പോയി. ഡോക്ടർ പോയ വിവരം ഒപ്പമുണ്ടായിരുന്ന നഴ്സുമാരെ അറിയിച്ചിരുന്നില്ല. ഇതറിയാതെ മറ്റൊരു ഡോക്ടറും പുറത്തേക്കിറങ്ങി. ഇതിനിടയിൽ യുവതി രക്തം വാർന്ന് മരിക്കുകയായിരുന്നു. ഈ കേസിലാണ് മലേഷ്യൻ കോടതിയുടെ നിർണായക വിധി. ഡോക്ടർമാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രസവത്തിന് ശേഷം രക്തസ്രാവമുണ്ടാകുമെന്ന കാര്യം അറിയാവുന്നതല്ലേയെന്നും കോടതി ചോദിച്ചു. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.















