ബെംഗളൂരു: ജനപ്രീതിയിൽ നന്ദിനിയുടെ ഇഡ്ഡലി, ദോശ ബാറ്റർ. വേ പ്രോട്ടീൻ അടങ്ങിയ മാവാണ് വിൽക്കുന്നത്. നഗരത്തിൽ മാത്രം പ്രതിദിനം 3,000 കിലോഗ്രാം മാവാണ് വിറ്റഴിക്കുന്നതെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ അറിയിച്ചു.
ആവശ്യമേറിയതോടെ മാവ് ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് കെഎംഎഫ്. മകരസംക്രാന്തിക്ക് ശേഷം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് കൂടി വേ പ്രോട്ടീൻ അടങ്ങിയ മാവ് വിൽപനയ്ക്കെത്തിക്കും. നഗരത്തിലെ എല്ലാ നന്ദിനി സ്റ്റാളുകളിലും പാർലറുകളിലും ഉത്പാദനം വർദ്ധിപ്പിക്കും. മാവ് വിതരണം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് 18 ആയി ഉയർത്തുമെന്നും കെഎംഎഫ് അറിയിച്ചു.
നിലവിൽ ജയനഗര്‍, പത്മനാഭനദർ, മല്ലേശ്വരം, ശേഷാദ്രിപുരം എന്നിവിടങ്ങളിലെ നന്ദിനി പാർലറുകളിലാണ് ബാറ്റർ ലഭിക്കുന്നത്. ദിവസേന അഞ്ച് ടൺ ബാറ്റർ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് കെഎംഎഫ് അറിയിച്ചു. ഡിസംബർ 25-നാണ് അഞ്ച് ശതമാനം വേ പ്രോട്ടീൻ അടങ്ങിയ റെഡി-ടു-കുക്ക് ഇഡ്ഡലി, ദോശ മാവ് പുറത്തിറക്കിയത്.
പാൽ തൈരാക്കി അരിച്ചെടുത്ത ശേഷം ശേഷിക്കുന്ന ദ്രാവകമാണ് വേ പ്രോട്ടീൻ എന്ന് വിളിക്കുന്നത്. രണ്ട് വ്യത്യസ്ത പായ്ക്കറ്റുകളിലാണ് മാവ് ലഭ്യമാകുന്നത്. 450 ഗ്രാമിന്റെ പായ്ക്കറ്റിന് 40 രൂപയും 900 ഗ്രാമിന്റെ പായ്ക്കറ്റിന് 80 രൂപയുമാണ് വില.