കോട്ടയം: വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷം രൂപ തട്ടിയ കേസിൽ കോട്ടയം വൈക്കത്ത് യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയായ നേഹാ ഫാത്തിമ, സുഹൃത്ത് സാരഥി ബഷീർ എന്നിവരാണ് പിടിയിലായത്.
2023 ഏപ്രിൽ മുതലാണ് തട്ടിപ്പ് അരങ്ങേറിയത്. വൈക്കത്തെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകനായ വൈദികനെയാണ് തട്ടിപ്പിനിരയാക്കിയത്. വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.പിന്നീട് ഇവര്‍ ഇദ്ദേഹത്തെ വിഡിയോകോള്‍ വിളിച്ച് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കി അത് വെച്ച് ഭീഷണിപ്പെടുത്തി.
വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ് തട്ടിയത്. വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വൈദികന്‍ പൊലീസില്‍ പരാതി നല്‍കിയത്. എസ്ഐമാരായ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സി.പി.ഒമാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















