തിരുവൈരാണിക്കുളം പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നുമുതൽ

Published by
Janam Web Desk

കൊച്ചി: ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതീദേവിയുടെ തിരുനട ഇന്ന് തുറക്കും. നടതുറപ്പ് മഹോത്സവം ഇന്നു മുതൽ ജനുവരി 23 വരെ നടക്കും ഉമാമഹേശ്വരൻമാർ അനഭിമുഖമായി ഒരേ ശ്രീകോവിലിൽ വാണരുളുന്ന ക്ഷേത്രമെന്നതാണ് തിരുവൈരാണിക്കുളത്തെ പ്രത്യേകത.

ഇവിടെ ശ്രീ പരമേശ്വരന്റെ തിരുനട വർഷം മുഴുവൻ തുറക്കുമെങ്കിലും പാർവ്വതീ ദേവിയുടെ നട വർഷത്തിൽ ധനു മാസ തിരുവാതിരയോടനുബന്ധിച്ച് 12 ദിവസം മാത്രമേ തുറക്കുകയുള്ളൂ.

 

ഇതും വായിക്കുക

പാർവതിദേവി ദർശനം നൽകുന്ന 12 ദിവസം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് പിന്നിലെ ഐതിഹ്യമിങ്ങനെ.

 

ഉത്സവത്തിന് തുടക്കം കുറിച്ചുള്ള തിരുവാഭരണഘോഷയാത്ര ഞായറാഴ്ച വൈകീട്ട് 4.30ന് അകവൂർ മനയിൽ നിന്ന് ആരംഭിക്കും. ഘോഷയാത്ര രാത്രി 8ന് ക്ഷേത്രത്തിൽ പ്രവേശിച്ച് ആചാരപൂർവം നടതുറക്കും. രാത്രി 10 ന് നടയടയ്‌ക്കും. തുടർന്ന് പൂത്തിരുവാതിര ചടങ്ങുകൾ നടത്തും.തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 4 മുതൽ ഉച്ചയ്‌ക്ക് 1.30വരെയും വൈകീട്ട് 4 മുതൽ രാത്രി 9 വരെയുമാണ് ദർശന സമയം.

ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ദേവീ ദർശനം നടത്തുന്നതിനായി വിർച്വൽ ക്യു സംവിധാനവും ഉണ്ടായിരിക്കുന്നതാണെന്ന് തിരുവൈരാണിക്കുളം ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജനുവരി 1 മുതലാണ് വിർച്വൽ ക്യൂ ബുക്കിങ്ങ് ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.thiruvairanikkulamtemple.org

ഓൺലൈനായും വഴിപാടുകൾ ബുക്ക് ചെയ്യാം.ആലുവ , പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തും. തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ദീർഘദൂര സർവീസുകളുമുണ്ടാകും.

Share
Leave a Comment