അത്യാധുനിക സാങ്കേതിക വിദ്യയിൽ കോച്ചുകളും ശൃംഖലയും വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ. കുറഞ്ഞ നിരക്കിൽ രാജധാനി എക്സ്പ്രസുകൾക്ക് സമാനമായ സൗകര്യങ്ങളും യാത്രാനുഭവവും സമ്മാനിക്കുന്ന അമൃത് ഭാരത് ട്രെയിനുകളുടെ പുതിയ പതിപ്പ് പണിപ്പുരയിലാണ്. കോച്ചുകൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെത്തി.
സാധാരണക്കാരെ ലക്ഷ്യം വച്ചാണ് അമൃത് ഭാരത് 2.0 അവതരിപ്പിക്കുകയെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. എയർ കണ്ടീഷനിംഗ് ഇല്ലാതെ വന്ദേ ഭാരതിന്റെ അനുഭവം നൽകാൻ ഇവയ്‌ക്ക് സാധിക്കും. വരുന്ന് രണ്ട് വർഷത്തിനുള്ളിൽ 50 അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്.
അമൃത് ഭാരതിന്റെ രണ്ടാം പതിപ്പിൽ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദീർഘദൂര യാത്രകൾ സുഖകരമാക്കാൻ സുഖപ്രദമായ ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ മോഡുലാർ ടോയ്‌ലറ്റ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാകും അമൃത് ഭാരത് 2.0 ട്രാക്കിലിറങ്ങുക. കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് പ്രീമിയം സേവനങ്ങൾ ആസ്വദിക്കാനാകുമെന്നതാണ് പ്രത്യേകത.















