ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം ‘ജയം രവി’ പേരുമാറ്റി. ഇനിമുതൽ ‘രവി’ അല്ലെങ്കിൽ ‘രവി മോഹൻ’ എന്ന് അഭിസംബോധന ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രവി ഇക്കാര്യം അറിയിച്ചത്. നടന്റെ ആരാധക കൂട്ടായ്മ ‘രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ’ എന്ന പേരിൽ അറിയപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.
സുഹൃത്തുക്കളെയും ആരാധകരെയും മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്താണ് നടൻ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ പ്രസക്തമായ ഭാഗങ്ങളിതാ..
“ഈ ദിവസം മുതൽ ഞാൻ രവി/രവി മോഹൻ എന്ന പേരിൽ അറിയപ്പെടും. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ അഭിലാഷങ്ങളുമായി ആഴത്തിൽ ബന്ധമുള്ള പേരാണിത്. പുതിയൊരു അദ്ധ്യായത്തിലേക്ക് കാലെടുത്തുവെക്കുന്ന ഈ വേളയിൽ എന്റെ മൂല്യങ്ങളും ദർശനങ്ങളും എന്റെ വ്യക്തിത്വവുമായി ചേരുന്നതാകണമെന്ന് ആഗ്രഹിക്കുന്നു. ഇനി മുതൽ ജയം രവി എന്ന പേരില്ല, അതിനാൽ എല്ലാവരും ദയവായി പുതിയ പേര് അഭിസംബോധന ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്. വ്യക്തിപരമായ കുറിപ്പാണിത്. താഴ്മയായി അപേക്ഷിക്കുകയാണ്.” – താരം കുറിച്ചു. പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ പ്രഖ്യാപനവും പ്രസ്താവനയിലൂടെ അറിയിച്ചു. രവി മോഹൻ സ്റ്റുഡിയോസ് എന്നാണ് പ്രൊഡക്ഷൻ ഹൗസിന്റെ പേര്.
രണ്ടായിരത്തിന്റെ തുടക്കം മുതൽ തമിഴ് സിനിമാ മേഖലയിൽ സജീവമാണ് രവി. 2003ൽ പുറത്തിറങ്ങിയ ‘ജയം’ എന്ന സിനിമ ഹിറ്റായതോടെയാണ് താരത്തിന് ‘ജയം രവി’ എന്ന പേരുലഭിച്ചത്. തുടർന്നങ്ങോട്ട് ഈ പേരിലായിരുന്നു നടൻ അറിയപ്പെട്ടിരുന്നത്. താരത്തിന്റേതായി പുറത്തിറങ്ങുന്ന പുതിയ സിനിമ ‘കാതലിക്ക നേരമില്ലൈ’-യുടെ റിലീസിന് തലേദിവസമാണ് നിർണായകമായ പ്രഖ്യാപനം. ദേശീയ പുരസ്കാര ജേതാവ് നിത്യാമേനോൻ നായികയാകുന്ന ചിത്രത്തിന്റെ റിലീസ് ജനുവരി 14നാണ്.
Leave a Comment