അശ്ലീലപരാമർശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് സോഷ്യൽമീഡിയ താരം ഷിയാസ് കരീം. ബോബി ചെമ്മണ്ണൂർ ജയിലിൽ പോയതിൽ വിഷമമുണ്ടെന്നും കമന്റടിച്ചതിന് ജയിലിൽ ഇടേണ്ട ആവശ്യമില്ലെന്നും ഷിയാസ് കരിം പറഞ്ഞു.
“കൊലപാതക കുറ്റം ചെയ്യുന്നവരെ ജയിലിലടക്കുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പിടിച്ചാലും ജയിലിലിടില്ല. അതൊക്കെയാണല്ലോ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. കമന്റ് പറഞ്ഞു എന്നതിന് ജയിലിലടക്കേണ്ട ആവശ്യമുണ്ടോ. ബോഡി ഷെയിമിംഗ് കുറ്റമാണ്. ഒരു സ്ത്രീയെ ബോഡി ഷെയിം ചെയ്യുന്നതും ശരീരത്തെ കുറിച്ച് പറയുന്നതുമൊക്കെ വളരെ മോശമാണ്. പക്ഷേ, ഇതിന്റെ പേരിൽ ജയിലിൽ പോകേണ്ടതുണ്ടോ എന്നാണ് ഞാൻ ആലോചിക്കുന്നത്”.
“ഞാൻ ഹണി റോസിനൊപ്പം തന്നെയാണ്. രണ്ട് പേരുടെയും ഭാഗത്ത് തെറ്റുണ്ട്. ചില നിയമങ്ങൾ സ്ത്രീകൾ മുതലെടുക്കുന്നു. ഹണി റോസിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അധികാരമുണ്ട്. സ്ത്രീകളുടെ ഫോട്ടോയ്‌ക്ക് താഴെ മോശം കമന്റിടുന്നവരും പൊതുവേദിയിൽ കമന്റ് പറയുന്നവരും ഇനി ശ്രദ്ധിക്കണം. അവർക്കുള്ള ഒരു മുന്നറിയിപ്പാണിത്”.
അയാളെ ജയിലിൽ വിടേണ്ട കാര്യമില്ലായിരുന്നു. നല്ല പ്രായമുണ്ട്. കഴുത്തിന് പിടിച്ച് ജീപ്പിലേക്ക് തള്ളുന്നത് കണ്ടപ്പോൾ വിഷമമായി. അത്ര വലിയ കുറ്റമൊന്നും അയാൾ ചെയ്തിട്ടില്ല. കൊടും ക്രിമിനലുകൾ കേരളത്തിലുണ്ട്. അവരെയൊന്നും പിടിക്കാൻ പൊലീസിന് ധൈര്യമില്ലെന്നും ഷിയാസ് കരിം പറഞ്ഞു.