തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദ വിതരണ കൗണ്ടറിൽ തീപിടുത്തം; അപകടം വൈകുണ്ഡ ദ്വാര ദർശനത്തിനായി തിരക്കേറുന്നതിനിടെ

Published by
Janam Web Desk

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു വിതരണ കൗണ്ടറിൽ തീപിടുത്തം. 10 ദിവസത്തെ വൈകുണ്ഡ ദ്വാര ദർശനത്തിനായി വിശ്വാസികളുടെ തിരക്കേറുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. അപകടകരമായ രീതിയിൽ തീ പടർന്നു പിടിക്കുന്നതിന് മുൻപ് അണച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ജനുവരി എട്ടിന് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറ് പേർ മരിച്ചിരുന്നു. ഇതിന് ശേഷം സമാനമായ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിൽ തുടരുന്നതിനിടെയാണ് തീപിടുത്തം റിപ്പോർട്ട് ചെയ്തത്.

അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ധാരാളം ഭക്തർ എത്തുന്ന അവസരമാണ് വൈകുണ്ഡ ദ്വാര ദർശനം. കൗണ്ടർ നമ്പർ 47 ലാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്ഷേത്രത്തിലെ തന്നെ അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ചാണ് തീ അണച്ചത്. വൈദ്യുതിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

ജനുവരി എട്ടിന് ദർശനത്തിനായി ടോക്കൺ വിതരണം ചെയ്യുന്നതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. നാൽപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Share
Leave a Comment