ശബരിമല : പതിനാലാമത് ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മന്ത്രി വി എൻ വാസവൻ അദ്ദേഹത്തിന് സമർപ്പിച്ചു. പുരസ്‌കാര സമർപ്പണത്തിനു മുൻപ് മുൻപ് കീർത്തി പത്രം വായിച്ചു.
പ്രധാനപ്പെട്ട അയ്യപ്പ ഭക്തി ഗാനങ്ങൾക്ക് കൈതപ്രം രൂപം നൽകി എന്നും ഗാന രചയിതാവ് സംഗീത സംവിധായകൻ ഗാനാലാപകൻ അഭിനേതാവ് അങ്ങനെ അദ്ദേഹം എല്ലാ മേഖലയിലും അദ്ദേഹം കഴിവ് തെളിയിച്ചു എന്നും വി എൻ വാസവൻ പറഞ്ഞു. ഇത്തവണത്തെ തീർഥാടനകാലം പരാതി രഹിതമായിരുന്നെന്നും കൂട്ടായ പരിശ്രമമാണ് നടന്നത് എന്നും വി എൻ വാസവൻ അവകാശപ്പെട്ടു.
ഹരിവരാസനം പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ജനം ടിവിയോട് പ്രതികരിച്ചു.
“ഒരുപാട് അയ്യപ്പഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്, അതിനുള്ള അംഗീകാരമാണ് പുരസ്‌കാരം. അമ്പലത്തിലെ ശാന്തി കൂടെയാണ് താൻ. പഴയ ഓർമ്മകളാണ് മനസ്സിൽ വരുന്നത്. ശബരിമലയും താനുമായുള്ളത് വലിയ ബന്ധമാണ്. മുൻപും മകരവിളക്കിന് ശബരിമലയിൽ എത്തിയിട്ടുണ്ട്” കൈതപ്രം പറഞ്ഞു.
കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ പുരസ്കാരമാണ് ഹരിവരാസനം പുരസ്കാരം . 2012 മുതൽ ഇത് നൽകിവരുന്നു. ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായാണ് എല്ലാ വർഷവും ഹരിവരാസനം അവാർഡ് പ്രഖ്യാപിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.















