ലക്നൗ: യുപിയിലെ ബാഗ്പതിൽ നിന്നും ചെമ്പ് യുഗത്തിലെ ആയുധങ്ങളുടെ വൻ ശേഖരം കണ്ടെത്തി. ചെമ്പ് കൊണ്ടുണ്ടാക്കിയ നാലടിയിലധികം നീളമുള്ള വാളുകൾ, കോടാലികൾ, കത്തികൾ, ഗദകൾ, അമ്പുകൾ എന്നിവയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെടുത്തത്. ഇവയ്‌ക്ക് 4,500 വർഷം പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചു.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്തിയ റേഡിയോ കാർബൺ ഡേറ്റിംഗിലൂടെയാണ് പുരാവസ്തുക്കളുടെ കാലപ്പഴക്കം കൃത്യമായി നിർണ്ണയിച്ചത്. കണ്ടെടുത്ത 38 സാമ്പിളുകളിൽ 35 എണ്ണവും 4500 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള ലോഹ വസ്തുക്കളാണ് ഇതെന്ന് ഷാജദ് റായ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അമിത് റായ് ജെയിൻ ചൂണ്ടിക്കാട്ടി. പുരാവസ്തു ഗവേഷണത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോ. അമിത് റായ് ജെയിൻ. ബാഗ്പത്തിലെ കണ്ടെത്തലുകൾക്ക് പുറമേ, ഷാജഹാൻപൂരിലെ നിഗോഹിയിൽ നിന്ന് കണ്ടെത്തിയ 225 ചെമ്പ് യുഗ ആയുധങ്ങളുടെ ഗവേഷണവും ഷാജദ് റായ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ശിലായുഗത്തിന് പിന്നാലെയാണ് കോപ്പർ യുഗത്തിന്റെ പിറവി. ഈക്കാലഘട്ടത്തിലാണ് ലോഹം കൊണ്ടുള്ള ആയുധങ്ങൾ നിർമിക്കാൻ മനുഷ്യൻ പ്രാപ്തനായത്. യുദ്ധത്തിലും ദൈനംദിന ജീവിതത്തിലും ഉപയോഗിച്ചിരുന്നവയാണ് കണ്ടെടുത്ത ആയുധങ്ങൾ എന്നാണ് നിഗമനം.















