ഇൻഡോർ : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലാണ് ഭാരതം യഥാർത്ഥ സ്വാതന്ത്ര്യം നേടിയതെന്ന് രാഷ്‌ട്രീയ സ്വയംസേവക് സംഘ് സർ സംഘ ചാലക് മോഹൻ ഭാഗവത് പ്രസ്താവിച്ചു . രാമക്ഷേത്ര പ്രതിഷ്ഠാ തീയതി “പ്രതിഷ്ഠാ ദ്വാദശി” ആയി ദേശീയതലത്തിൽ ആഘോഷിക്കണം എന്നും അദ്ദേഹം പറഞ്ഞു. ആരെയും എതിർക്കാനല്ല രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
“രാമക്ഷേത്ര പ്രസ്ഥാനം ഏതെങ്കിലും ഗ്രൂപ്പിനെ എതിർക്കാനല്ല,, മറിച്ച് രാഷ്‌ട്രത്തിന്റെ “ആത്മാവിനെ” ഉണർത്താനും ഭാരതത്തെ തലയുയർത്തി നിൽക്കാനും ലോകത്തെ അഭിമാനത്തോടെ നയിക്കാനും ആണെന്ന് ” അദ്ദേഹം പറഞ്ഞു.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ദേവി അഹല്യ അവാർഡ് സമ്മാനിക്കുന്നതിനായി ഇൻഡോറിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് സർ സംഘ ചാലക്.
“1947 ഓഗസ്ത് 15-ന് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയ ശേഷം, രാഷ്‌ട്രത്തിന്റെ ‘ആത്മാവ്’ കാണിച്ചു തന്ന ദർശനത്തിന് അനുസൃതമായി ഒരു രേഖാമൂലമുള്ള ഭരണഘടന നിർമ്മിക്കപ്പെട്ടു, പക്ഷേ ആ പ്രമാണം നടപ്പിലാക്കിയില്ല.”മോഹൻ ഭാഗവത് പറഞ്ഞു.
നിരവധി നൂറ്റാണ്ടുകളായി ശത്രുക്കളുടെ ആക്രമണം നേരിട്ട ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലായതിനാൽ ഈ തീയതി “പ്രതിഷ്ഠാ ദ്വാദശി” ആയി ആഘോഷിക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
2024 ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോദ്ധ്യയിലെ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നാൽ ഹിന്ദു കലണ്ടർ അനുസരിച്ച്, അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞ വർഷം പൗഷ മാസത്തിലെ ‘ശുക്ല പക്ഷ’ ദ്വാദശിയിലാണ് നടന്നത്. ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച് ഈ വർഷം, 2025 ജനുവരി 11 ന് പൗഷ ശുക്ല പക്ഷ ദ്വാദശിയിൽ പ്രതിഷ്ഠാ ചടങ്ങ് ഒരു വർഷം പൂർത്തിയാക്കി
“ഈ പ്രസ്ഥാനം ആരംഭിച്ചത് ഭാരതത്തിന്റെ ‘ആത്മാവിനെ’ ഉണർത്തുന്നതിനാണ്, അങ്ങനെ രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കാനും ലോകത്തിന് പാത കാണിക്കാനും കഴിയും” ആർഎസ്എസ് സർ സംഘ ചാലക് പറഞ്ഞു.
അധിനിവേശക്കാർ രാജ്യത്തെ ക്ഷേത്രങ്ങൾ തകർത്തു, അങ്ങനെ ഇന്ത്യയുടെ “ആത്മാവ്” നശിച്ചുവെന്നും രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം പണിയാൻ ചില ശക്തികൾ ആഗ്രഹിക്കാത്തതിനാലാണ് രാമക്ഷേത്ര പ്രസ്ഥാനം ഇത്രയും കാലം നീണ്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വർഷം അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ വേളയിലോ അതിനു ശേഷമോ രാജ്യത്ത് ഭിന്നതയൊന്നും ഉണ്ടായിട്ടില്ലെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ ചെറുപട്ടണത്തിൽ മഹത്തായ രാമക്ഷേത്രം പണിയുന്നതിൽ സഹായിച്ച രാം മന്ദിർ പ്രസ്ഥാനത്തിലെ അറിയപ്പെടുന്നവർക്കും അറിയപ്പെടാത്തവർക്കും ഈ ബഹുമതി സമർപ്പിക്കുന്നതായി അവാർഡ് ലഭിച്ച ശേഷം ചമ്പത് റായ് പ്രഖ്യാപിച്ചു.
ഇൻഡോർ ആസ്ഥാനമായുള്ള സാമൂഹ്യ സംഘടനയായ “ശ്രീ അഹല്യോത്സവ് സമിതി” എല്ലാ വർഷവും വിവിധ സാമൂഹിക മേഖലകളിലെ സംഭാവനകളെ മാനിച്ച് പ്രമുഖ വ്യക്തികൾക്ക് നൽകുന്നതാണ് “ദേവി അഹല്യ അവാർഡ്”.
മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനാണ് ഈ സംഘടനയുടെ അധ്യക്ഷ. ഇൻഡോറിലെ ഹോൾക്കർ രാജവംശത്തിന്റെ ഐതിഹാസിക നായികയായിരുന്ന ദേവി അഹല്യഭായിയ്‌ക്ക് ഒരു മഹത്തായ സ്മാരകം നഗരത്തിൽ നിർമ്മിക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സുമിത്ര മഹാജൻ പറഞ്ഞു.
മുൻ വർഷങ്ങളിൽ നാനാജി ദേശ്മുഖ്, വിജയ രാജെ സിന്ധ്യ, രഘുനാഥ് അനന്ത് മഷേൽക്കർ, സുധാ മൂർത്തി തുടങ്ങിയവർക്കാണ് ദേവി അഹല്യ അവാർഡ് ലഭിച്ചത്.















