കൊൽക്കത്ത: ബംഗാളിൽ സിനിമയെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം. കൊൽക്കത്ത, നൈഹാട്ടിയിലെ നോർത്ത് 24 പർഗാനസിലാണ് സംഭവം. സംഭവത്തിൽ യുവാതിയുടെ ഭർത്താവ് മഹേന്ദ്ര പ്രദാപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി. രാജേന്ദ്രപൂർ സ്വദേശിയായ ചന്ദ്രലേഖയ്‌ക്കാണ് വെടിയേറ്റത്.
കഴിഞ്ഞ ദിവസം ദമ്പതികൾ തിയേറ്ററിൽ സിനിമ കാണാൻ പോയിരുന്നു. സിനിമയ്‌ക്ക് പോകാൻ മഹേന്ദ്ര പ്രദാപിന് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ യുവതിയുടെ നിർബന്ധപ്രകാരമാണ് ഇയാൾ തിയേറ്ററിലെത്തിയത്. സിനിമ തുടങ്ങിയത് മുതൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പിന്നീട് തിയേറ്ററിൽ നിന്ന് വീട്ടിലെത്തിയ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ യുവാവ് കയ്യിൽ സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് യുവതിയെ വെടിവയ്‌ക്കുകയായിരുന്നു. ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് വെടിയുതിർത്തത്.
ആക്രമണത്തിൽ യുവതിയുടെ നെഞ്ചിലും കയ്യിലും കാലിലും വെടിയേറ്റിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ വെടിയുണ്ടകൾ പുറത്തെടുത്തു. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് യുവതി. മൂന്ന് തവണ പ്രതി വെടിയുതിർത്തിരുന്നു.
വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് മഹേന്ദ്ര പ്രദാപിനെ അറസ്റ്റ് ചെയ്തിരുന്നു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതായാണ് മഹേന്ദ്ര പ്രതാപ് പൊലീസിനോട് പറഞ്ഞത്. അയൽവാസി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രലേഖയുടെ മൊഴി എടുക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
Leave a Comment