ന്യൂഡൽഹി: വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ മെറ്റാ സിഇഒയ്‌ക്ക് എട്ടിന്റെ പണി. 2024-ലെ പൊതു തെരഞ്ഞെടുപ്പിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവച്ചതിന് മെറ്റയ്‌ക്ക് സമൻസ് അയക്കുമെന്ന് പാർലമെൻ്ററി സമിതി അറിയിച്ചു. മെറ്റ അധികൃതരെ വിളിച്ചുവരുത്തുമെന്ന് പാർലമെൻ്ററി സമിതി ചെയർമാനും എംപിയുമായ നിഷികാന്ത് ദുബെ പറഞ്ഞു.
ജനാധിപത്യ രാജ്യത്തിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപ്പിക്കുന്ന പ്രസ്താവനയാണ് മാർക്ക് സക്കർബർഗിൽ നിന്നുണ്ടായതെന്ന് എംപി പറഞ്ഞു. തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചതെന്നും ഈ തെറ്റിന് ഇന്ത്യൻ പാർലമെന്റിനോടും രാജ്യത്തെ ജനങ്ങളോടും മെറ്റ കമ്പനി മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
मेरी कमिटि इस ग़लत जानकारी के लिए @Meta को बुलाएगी । किसी भी लोकतांत्रिक देश की ग़लत जानकारी देश की छवि को धूमिल करती है । इस गलती के लिए भारतीय संसद से तथा यहाँ की जनता से उस संस्था को माफ़ी माँगनी पड़ेगी https://t.co/HulRl1LF4z
— Dr Nishikant Dubey (@nishikant_dubey) January 14, 2025
ജനുവരി പത്തിന് അമേരിക്കൻ പോഡ്‍കാസ്റ്ററായ ജോ റോഗനുമായി നടത്തിയ പോഡ്‍കാസ്റ്റിലാണ് മാർക്ക് സക്കർബർഗ് വിവാദ പരാമർശം നടത്തിയത്. 2024-ലെ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഭരണകക്ഷികൾ പരാജയം നേരിട്ടെന്നായിരുന്നു സക്കർബർഗിന്റെ പരാമർശം.
കോവിഡിന് ശേഷം ജനങ്ങൾക്ക് സർക്കാരുകളിലുള്ള വിശ്വാസം നഷ്ടമായെന്നും ഇക്കാരണത്താലാണ് ഭരണം നഷ്ടപ്പെട്ടതെന്നും പോഡ്കാസ്റ്റിൽ പരാമർശിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സക്കർബർഗിനെ തിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വേദനാജനകരമാണെന്നും സത്യവും വിശ്വാസവും ഉയർത്തിപ്പിടിക്കണമെന്നും മെറ്റയെ ടാഗ് ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി കുറിച്ചു.
2024-ലെ എൻഡിഎയുടെ തുടർ വിജയം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി സക്കർബർഗിനെ തിരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നല്ല ഭരണത്തിനും പൊതുജനങ്ങളുടെ വിശ്വാസത്തിനുമുള്ള തെളിവാണ് അദ്ദേഹത്തിന്റെ മൂന്നാമൂഴമെന്നും അദ്ദേഹം കുറിച്ചു.