സക്കർബർ​ഗിന്റെ പരാമർശം; ജനാധിപത്യ രാജ്യത്തിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽ‌പ്പിച്ചു; മെറ്റയെ വിളിച്ചുവരുത്താൻ പാർലമെൻ്ററി സമിതി, മാപ്പ് പറയണമെന്നാവശ്യം

Published by
Janam Web Desk

ന്യൂഡൽഹി: വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ മെറ്റാ സിഇഒയ്‌ക്ക് എട്ടിന്റെ പണി. 2024-ലെ പൊതു തെരഞ്ഞെടുപ്പിനെ കുറിച്ച് തെറ്റായ വിവരങ്ങൾ‌ പങ്കുവച്ചതിന് മെറ്റയ്‌ക്ക് സമൻസ് അയക്കുമെന്ന് പാർലമെൻ്ററി സമിതി അറിയിച്ചു. മെറ്റ അധികൃതരെ വിളിച്ചുവരുത്തുമെന്ന് പാർലമെൻ്ററി സമിതി ചെയർമാനും എംപിയുമായ നിഷികാന്ത് ദുബെ പറഞ്ഞു.

ജനാധിപത്യ രാജ്യത്തിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽ‌പ്പിക്കുന്ന പ്രസ്താവനയാണ് മാർ‌ക്ക് സക്കർബർ​ഗിൽ നിന്നുണ്ടായതെന്ന് എംപി പറഞ്ഞു. തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചതെന്നും ഈ തെറ്റിന് ഇന്ത്യൻ പാർ‌ലമെന്റിനോടും രാജ്യത്തെ ജനങ്ങളോടും മെറ്റ കമ്പനി മാപ്പ് പറയണമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി പത്തിന് അമേരിക്കൻ പോഡ്‍കാസ്റ്ററായ ജോ റോ​ഗനുമായി നടത്തിയ പോഡ്‍കാസ്റ്റിലാണ് മാർ‌ക്ക് സക്കർബർ​ഗ് വിവാദ പരാമർ‌ശം നടത്തിയത്. 2024-ലെ തെരഞ്ഞെടുപ്പുകളിൽ‌ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഭരണകക്ഷികൾ പരാജയം നേരിട്ടെന്നായിരുന്നു സക്കർബർ​ഗിന്റെ പരാമർശം.

കോവിഡിന് ശേഷം ജനങ്ങൾക്ക് സർക്കാരുകളിലുള്ള വിശ്വാസം നഷ്ടമായെന്നും ഇക്കാരണത്താലാണ് ഭരണം നഷ്ടപ്പെട്ടതെന്നും പോഡ്കാസ്റ്റിൽ പരാമർശിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സക്കർബർ​​ഗിനെ തിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രം​ഗത്തെത്തിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വേ​ദനാജനകരമാണെന്നും സത്യവും വിശ്വാസവും ഉയർത്തിപ്പിടിക്കണമെന്നും മെറ്റയെ ടാ​ഗ് ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി കുറിച്ചു.

2024-ലെ എൻഡ‍ിഎയുടെ തുടർ വിജയം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി സക്കർബർ​ഗിനെ തിരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നല്ല ഭരണത്തിനും പൊതുജനങ്ങളുടെ വിശ്വാസത്തിനുമുള്ള തെളിവാണ് അദ്ദേഹത്തിന്റെ മൂന്നാമൂഴമെന്നും അദ്ദേഹം കുറിച്ചു.

Share
Leave a Comment