സന്നിധാനം: വ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തിയ ആയിരക്കണക്കിന് ഭക്തർക്ക് ദർശന സുകൃതം പകർന്ന് അയ്യന് തിരുവാഭരണം ചാർത്തി ദീപാരാധന. സന്നിധാനത്തും പാണ്ടിത്താവളത്തും ഉൾപ്പെടെ വിരിവെച്ചും പർണശാല കെട്ടിയും കാത്തിരുന്ന ഭക്തർ പൊമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും മകരനക്ഷത്രവും കൺകുളിർക്കെ കണ്ടു.
വൈകിട്ട് 5.30 നാണ് തിരുവാഭരണ പേടകങ്ങൾ വഹിച്ചുളള ഘോഷയാത്ര പമ്പയിൽ നിന്നും ശരംകുത്തിയിലെത്തിയത്. ദേവസ്വം അധികൃതരുടെ നേതൃത്വത്തിൽ പേടകവാഹകരെ മാലയിട്ട് സ്വീകരിച്ചു. ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും കർപ്പൂരാഴിയുടെയും തീവെട്ടിവെളിച്ചത്തിന്റെയും അകമ്പടിയോടെ സന്നിധാനത്തേക്ക്. 6.30 ഓടെ പേടകങ്ങൾ ശരംകുത്തിയിൽ നിന്ന് ആനയിച്ച് സന്നിധാനത്ത് എത്തിച്ചു.
ഘോഷയാത്ര വലിയ നടപ്പന്തലിൽ എത്തിയതോടെ മണിക്കൂറുകളായി കാത്തുനിന്ന ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ശരണമന്ത്രങ്ങൾ ഉയർന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പതിനെട്ടാം പടി കടന്ന് പേടകങ്ങൾ ക്ഷേത്ര സോപാനത്ത് എത്തി. തന്ത്രിയും മേൽശാന്തിയും പേടകം ഏറ്റുവാങ്ങി ദീപാരാധനയ്‌ക്കായി നട അടച്ചു. 6.42 നാണ് ദീപാരാധനയ്‌ക്ക് ശേഷം ദർശനത്തിനായി നട തുറന്നത്.
ദീപാരാധന അവസാനിക്കും മുൻപ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. മൂന്ന് തവണ ജ്യോതി മിന്നിമറഞ്ഞു. ഇതോടെ ഭക്തരുടെ ശരണം വിളി ഉച്ചസ്ഥായിയിലെത്തി. രണ്ട് ലക്ഷത്തോളം ഭക്തർ ഇത്തവണ മകരജ്യോതി ദർശനത്തിനായി എത്തിയെന്നാണ് വിലയിരുത്തൽ. സന്നിധാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും അധികം ഭക്തർ ഇക്കുറി എത്തിയെന്നാണ് പൊലീസിന്റെയും വിലയിരുത്തൽ.