പമ്പ: മകരജ്യോതി ദർശന പുണ്യവുമായി അയ്യപ്പഭക്തർ ശബരിമലയിൽ നിന്നും മടങ്ങി തുടങ്ങി. രണ്ട് ലക്ഷത്തോളം ഭക്തരാണ് സന്നിധാനത്തും പാണ്ടിത്താവളത്തിലും ഹിൽടോപ്പ് വ്യൂ പോയിന്റിലുമൊക്കെയായി മകരജ്യോതിയുടെ പുണ്യദർശനത്തിനായി തമ്പടിച്ചിരുന്നത്.
മലയിറങ്ങിയ ഭക്തർ പമ്പയിലേക്ക് എത്തി തുടങ്ങുന്നതോടെ കൂടുതൽ ബസുകൾ പമ്പയിൽ നിന്നും വിവിധയിടങ്ങളിലേക്ക് സർവ്വീസ് നടത്തും. സ്വകാര്യ വാഹനങ്ങളിൽ എത്തിയവർ പമ്പയിൽ നിന്നും മടങ്ങി തുടങ്ങിയിട്ടുണ്ട്. ഹിൽടോപ്പിലുൾപ്പെടെ മകരജ്യോതി ദർശനത്തിനായി കാത്തു നിന്നവരാണ് പമ്പയിൽ നിന്നും ആദ്യം മടങ്ങിത്തുടങ്ങിയത്.
പമ്പയിലെ തിരക്ക് നിയന്ത്രണവിധേയമായ ശേഷം നിലക്കൽ നിന്നും ബസുകൾ പമ്പയിലേക്ക് എത്തിക്കും. ഇവിടെ നിന്നാകും വിവിധയിടങ്ങളിലേക്ക് സർവ്വീസ് നടത്തുക. തീർത്ഥാടകരുടെ സുഗമമായ യാത്ര ഉറപ്പുവരുത്താനായി കെഎസ്ആർടിസി വിപുലമായ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദീർഘദൂര കെഎസ്ആർടിസി ബസുകൾ നിലക്കൽ നിന്നും സർവീസ് തുടങ്ങി.
പമ്പയിൽ നിന്നും തീർത്ഥാടകർ മടങ്ങുന്നത് അനുസരിച്ച് ദർശനത്തിനുള്ള തീർത്ഥാടകരെ നിലക്കൽ നിന്നും പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങി. അരമണിക്കൂറിൽ അഞ്ചു ബസുകൾ വീതം പമ്പയിലേക്ക് സർവീസ് നടത്തും. 300 ബസുകളാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്.