കണ്ണൂർ: മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ കസ്റ്റഡിയിൽ. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. കാസർഗോഡ് ചെങ്ങള സ്വദേശി ബലരാജൻ കെ.വി. ആണ് പിടിയിലായത്.
വൈകിട്ട് 6.15 ഓടെ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന തലശ്ശേരി എസ്‌ഐ ധനേഷ് ബസ് കൈകാണിച്ച് നിർത്തുകയായിരുന്നു. അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായി ബസ് വരുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കൈകാണിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്നു ബസ്.
സംസാരത്തിൽ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കുകയും ചെയ്തത്. ഇയാളെ പിന്നീട് എട്ട് മണിയോടെ സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു.
ഭാരതീയ ന്യായസംഹിത 281 വകുപ്പ് പ്രകാരവും മോട്ടോർ വെഹിക്കിൾ ആക്ടിലെ 185 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ബസ് ഒരാളുടെ കാറിൽ തട്ടിയിരുന്നതായും പറയുന്നുണ്ട്.