വയനാട്: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കടുവ ജനവാസമേഖലയിൽ. അമരക്കുനിയിൽ കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നതിനിടെ ജനവാസ മേഖലയിൽ വീണ്ടും കടവയിറങ്ങി. ഒരു ആടിനെ കൂടി കടുവ കൊന്നു. തുപ്ര സ്വദേശിയായ ചന്ദ്രന്റെ ആടിനെയാണ് കടുവ കൊന്നത്.
ഇന്ന് പുലർച്ചെ നാല് മണിക്കാണ് കടുവ എത്തിയത്. ആടിനെ കൊന്ന് പോയതിന് ശേഷം വീണ്ടും രണ്ട് തവണ കടുവ എത്തിയതായി ചന്ദ്രൻ പറഞ്ഞു. ആടിനെ കൊന്ന് വലിച്ചെടുത്തുകൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും കെട്ടിയിട്ടിരുന്നത് കൊണ്ട് പോകാൻ കഴിഞ്ഞില്ല. പോയതിന് ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് വീണ്ടും വന്നു. മയക്കുവെടി വയ്‌ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ചന്ദ്രൻ പറഞ്ഞു.
അഞ്ച് ആടുകളെയാണ് കടുവ ഇതുവരെ കൊന്നത്. ഇന്നല രാത്രി മുഴുവൻ കടുവയെ കണ്ടെത്താനുള്ള തെരച്ചിൽ നടത്തിയിരുന്നു. രാത്രി മുഴുവൻ ആർആർടി, വെറ്ററിനറി സംഘങ്ങൾ കടുവ സഞ്ചരിച്ച വഴി പോയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.