ഗുരുവായൂർ: ഗുരുവായൂരിൽ തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത യുവാവിന്റെ വീഡിയോ ഷെയർ ചെയ്താൽ കർശന നടപടിയെന്ന് പൊലീസ്.
കഴിഞ്ഞ ദിവസം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഹോട്ടൽ നടത്തുന്ന ഒരു യുവാവ് തുളസിത്തറയെ അപമാനിച്ചു കൊണ്ട് സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇയാളുടെ ഹോട്ടലിന്റെ അടുത്തുളള മറ്റൊരു സ്ഥാപനത്തിന്റെ തുളസിത്തറയെ ആണ് അപമാനിച്ചത്. ഇയാൾക്കെതിരെ കേസെടുക്കണമെന്നും ഇയാൾ നടത്തുന്ന ഹോട്ടലിൽ ആരും കയറരുത് എന്നുമുള്ള കമന്റുകൾ രാത്രിയോടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ തുളസിത്തറയെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിനു പിന്നാലെ അത് ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശൂർ പൊലീസ്. വീഡിയോയിൽ കാണുന്ന ഹോട്ടലുടമ 25 വർഷമായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് പൊലീസ് പറയുന്നത്.
“ഗുരുവായൂരിലുള്ള ഒരു യുവാവിന്റെ വീഡിയോ സമൂഹ സ്പർദ്ദ വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുവരുന്നതായി കാണ്ടുവരുന്നുണ്ട്. അന്വേഷണത്തിൽ 25 വർഷത്തോളമായി ഈ യുവാവിന് മാനസിക വൈകല്യമുണ്ടെന്നും അതിനുള്ള ചികിത്സയിലാണെന്നുമുള്ള അറിവ് ലഭിച്ചിട്ടുണ്ട്. ഈ വീഡിയോ ഷെയർ ചെയ്യുന്നതും ഇതുമായി ബന്ധപെട്ട് സമൂഹ സ്പർദ്ദ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഷെയർചെയ്യുന്നവർ കർശനമായ നിയമനടപടികൾക്ക് വിധേയമാകുന്നതാണ്.” തൃശൂർ പൊലീസ് തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു .
“25 വർഷമായി മാനസിക വൈകല്യമുള്ളവൻ സ്വന്തമായി ഹോട്ടൽ നടത്തുന്നു, ബിസിനസ് ചെയ്യുന്നു കൃത്യമായി ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നു, റീൽസ് ഉണ്ടാക്കി എഡിറ്റ് ചെയ്ത ഇടുന്നു. ഇതുപോലെയുള്ള മാനസിക രോഗികളെയാണോ ഗുരുവായൂരിൽ ലക്ഷക്കണക്കിന് ഭക്തർ വരുന്ന ഇടത്ത് അഴിച്ചിട്ടിരിക്കുന്നത്” എന്നൊക്കെയുള്ള ചോദ്യങ്ങൾ തൃശൂർ പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു കീഴെ വരുന്നുണ്ട്.
ഈ വാർത്ത വൈറലായതിനു പിന്നാലെ തുളസിത്തറയെ അപമാനിച്ചത് ചോദ്യം ചെയ്യുന്ന ഒരാളോട് ഈ വീഡിയോയിലെ യുവാവ് വാട്സാപ്പിൽ മാപ്പു പറയുന്ന സ്‌ക്രീൻ ഷോട്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ തുളസിത്തറ നിൽക്കുന്ന ഹോട്ടലുടമയുമായി ഉള്ള പ്രശ്‌നത്തിന്റെ പേരിലാണ് താൻ ഇങ്ങിനെ കാണിച്ചതെന്നും അയാൾ സമ്മതിക്കുന്നു.
തുളസിത്തറയെ അപമാനിച്ചയാൾക്കെതിരെ യാതൊരു നിയമനടപടിയും എടുക്കാതെ, ആ പ്രവർത്തി ചോദ്യം ചെയ്തവരെ കേസിൽ കുടുക്കുമെന്ന തൃശൂർ പൊലീസിന്റെ നിലപാടിനെതീരെ ധാരാളം പേര് പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ തന്നെ കമെന്റുകൾ ചെയ്തിട്ടുണ്ട്.