കോട്ടയം; ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിലെടുത്ത കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. പി.സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്.
യൂത്ത് ലീഗ് നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പി.സി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഈ മാസം 18 ന് മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകും വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം നൽകിയത്.
ജനം ടിവി ഡിബേറ്റിൽ നടത്തിയ പരാമർശത്തിന്റെ പേരിലായിരുന്നു കേസ്. എന്നാൽ താൻ ഉദ്ദേശിച്ച രീതിയിലല്ല വാക്കുകൾ വ്യാഖ്യാനിക്കപ്പെടുന്നതെന്നും പരാമർശം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ പി.സി ജോർജ് പരസ്യമായി വ്യക്തമാക്കിയിരുന്നു. ചർച്ചയിലുണ്ടായിരുന്ന മുസ്ലീം ലീഗ് പ്രതിനിധിയുടെ പ്രകോപനത്തെ തുടർന്നായിരുന്നു തന്റെ വാക്കുകളെന്നും ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ പരാമർശം പിൻവലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു പൊലീസ് വീണ്ടും കേസെടുത്തത്.
പൊലീസ് നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. മാപ്പ് പറഞ്ഞിട്ടും കേസെടുത്തത് രാഷ്‌ട്രീയമായി വേട്ടയാടാനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.
നേരത്തെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ പുലർച്ചെ പി.സി ജോർജിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. സമാനമായ നടപടിക്കുള്ള പൊലീസിന്റെ നീക്കമാണ് കോടതി ഇടപെടലിലൂടെ പാളിയത്.