സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർപ്പെടുത്തുന്ന ദിനമാണ് ഇന്ന്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീര സൈനികരെ അനുസ്മരിക്കുന്ന ദിനമാണ് കരസേനദിനമായ ഇന്ന്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ.എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമ്മയ്‌ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്.
രാജ്യത്തുടനീളം ഇന്നേ ദിവസം പരിപാടികൾ സംഘടിപ്പിക്കുന്നു. ഡൽഹിയിലെ പരേഡേ ഗ്രൗണ്ടിലാണ് പ്രധാന പരിപാടി നടക്കുന്നത്. ഇന്ത്യൻ സൈന്യത്തെ കുറിച്ച് ചില വിവരങ്ങളറിയാം..
1. ലോകത്തിലെ നാലാമത്തെ വലിയ സൈന്യമാണ് ഇന്ത്യൻ സൈന്യം. അമേരിക്ക, റഷ്യ,ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
2. 1776-ൽ കൊൽക്കത്തയിൽ ബ്രീട്ടിഷ് സർക്കാരിന്റെ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കീഴിലാണ് ഇന്ത്യൻ സൈന്യം രൂപീകൃതമായത്.
3. 20,000 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയുടെ നിയന്ത്രണം ഇന്ത്യൻ സൈന്യത്തിനാണ്. ധ്രുവേതര പ്രദേശങ്ങളിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ ഹിമാനി കൂടിയാണിത്.
4. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം നിർമിച്ചതും ഇന്ത്യൻ സൈന്യമാണ്. 1982-ൽ ലഡാക്കിൽ നിർമിച്ച ബെയ്‌ലി പാലത്തിനാണ് ഈ ഖ്യാതിയുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 18,739 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന് 98 അടി നീളമാണുള്ളത്.
5. യുഎൻ സമാധാന സേനയിൽ ഏറ്റവും കൂടുതൽ പേരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിൽ ലോകമെമ്പാടുമുള്ള ദൗത്യങ്ങളിൽ 6,000-ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
6. ജർമ്മൻ ഷെപ്പേർഡ്‌സ്, ലാബ്രഡോർസ്, ബെൽജിയൻ മാലിനോയിസ് തുടങ്ങിയ ഇനങ്ങളെ അടങ്ങുന്ന വൈദഗ്ധ്യമുള്ള ഡോഗ് സ്ക്വാഡും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ്. സ്ഫോടകവസ്തുക്കൾ കണ്ടെത്തുക, ട്രാക്കിംഗ്, തിരച്ചിൽ-രക്ഷാദൗത്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി സൈനിക പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ നായ്‌ക്കൾ ബൃഹത്തായ സംഭാവന നൽകുന്നു.
7. ഒന്നാം ലോകമഹായുദ്ധ കാലത്ത് 1.3 ദശലക്ഷം ഇന്ത്യൻ സൈനികർ ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി പോരാടി. 74,000 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ഡൽഹിയിലെ ഇന്ത്യാ ഗേറ്റ് സ്മാരകം യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്കുള്ള സ്മാരകമായി ഇന്നും നിലകൊള്ളുന്നു.