സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം; കേസ് റിയാദ് കോടതി വീണ്ടും മാറ്റി

Published by
Janam Web Desk

റിയാദ്: സൗദി ബാലൻ അബദ്ധത്തിൽ മരിച്ച കേസിൽ 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു. മോചന ഉത്തരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് തുടർച്ചയായി വീണ്ടും കേസ് മാറ്റിവെച്ചത്.

സൂക്ഷ്മ പരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് കേസ് മാറ്റിയത്. അടുത്ത സിറ്റിംഗ് തീയതി ഉടൻ അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. ആറാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വരേണ്ടത്. സൗദി ബാലൻ അബദ്ധത്തിൽ മരിച്ച കേസിൽ വധശിക്ഷ റദ്ദാക്കിയിട്ടും ആറ് മാസമായി റിയാദ് ജയിലിൽ തുടരുകയാണ് റഹീം. മരിച്ച ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ മോചനദ്രവ്യം നൽകിയതോടെയാണ് വധശിക്ഷയെന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിൻവാങ്ങിയത്. 2006 ലാണ് സൗദി ബാലൻ അബദ്ധത്തിൽ മരിച്ച കേസിൽ റഹിം ജയിലിൽ ആകുന്നത്.

നേരത്തെ അബ്ദുൾ റഹീമിന്റെ മാതാവ് ഉൾപ്പെടെ ജയിലിലെത്തി മകനെ കണ്ടിരുന്നു. ഓരോ തവണ കേസ് പരിഗണിക്കുമ്പോഴും മോചനം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം കാത്തിരിക്കുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെയാണ് മോചനദ്രവ്യം സ്വരൂപിച്ചത്.

Share
Leave a Comment