കൊച്ചി: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ സമാധിയുമായി ബന്ധപ്പെട്ട് നിർണ്ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി കുടുംബത്തോട് ചോദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമാധി പൊളിക്കാമെന്നും കോടതി നിരീക്ഷിച്ചു.
സമാധി പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന സമർപ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിർണായക ചോദ്യങ്ങൾ ഉയർത്തിയത്. ജസ്റ്റിസ് സി എസ് ഡയസിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എങ്ങനെ മരിച്ചുവെന്ന് പറയാനും കുടുംബത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന് നിഗമനത്തിൽ കോടതിക്ക് എത്തേണ്ടിവരും. അതുമായി ബന്ധപ്പെട്ട് പൊലീസും സർക്കാരും നടത്തുന്ന അന്വേഷണത്തിൽ കോടതി ഇടപെടാൻ ആകില്ല. പൊതു സമൂഹത്തിൽ നിന്നും ഒരാളെ കാണാതായാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ട ചുമതല പൊലീസിനുണ്ട്. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമമെന്നും നിലവിൽ അന്വേഷണം നിർത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ലെന്നും കോടതി വ്യക്തമാക്കി.
മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇപ്പോൾ തന്നെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ഹര്‍ജി കോടതി ഫയലിൽ സ്വീകരിച്ചു. മറുപടി നൽകാൻ സര്‍ക്കാരിന് നോട്ടീസും നൽകി. ഹർജി പരിഗണിക്കുന്നത് കോടതി അടുത്താഴ്ചത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.
സമാധി പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടർ, ആർഡിഒ, പൊലീസ് എന്നിവരെ എതിർകക്ഷിയാക്കിയാണ് കുടുംബം ഹര്‍ജി നൽകിയത്.