മഞ്ഞുകാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ ജലദോഷവും മൂക്കടപ്പുമൊക്കെ നിരന്തരം വന്നുപോകാറുണ്ട്. പലപ്പോഴും ഇത് അസ്വസ്ഥ സൃഷ്ടിക്കാറുണ്ട്. ഉറക്കത്തിന് തടസമുണ്ടാക്കാൻ വരെ കാരണമാകാറുണ്ട്. ജലദോഷത്തിനെയും മൂക്കടപ്പിനെയും തുരത്താൻ സഹായിക്കുന്നൊരു ഹെർബൽ ടീ ഉണ്ടാക്കിയാലോ?
ചേരുവകൾ
മഞ്ഞൾ- അര സ്പൂൺ
ഇഞ്ചി- അര സ്പൂൺ
തുളസിയില- 5-6
ഗ്രാമ്പൂ- 2 എണ്ണം
തയ്യാറാക്കേണ്ട വിധം
ചേരുവകളെല്ലാം രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൂടോടെ അരിച്ചെടുത്ത് കുടിക്കാം. ആവശ്യമെങ്കിൽ തേനോ നാരങ്ങാനീരോ ചേർക്കാം.
ഹെർബൽ ചായയുടെ ഗുണങ്ങൾ
- ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ വീക്കം കുറയ്‌ക്കുന്നു. ഇഞ്ചിയുടെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ഓക്സിഡൻ്റ്, ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ജലദോഷം ചുമ എന്നിവ മാറ്റാൻ സഹായിക്കും.
- മഞ്ഞളിലെ കുർക്കുമിൻ കഫം കുറയ്‌ക്കാൻ സഹായിക്കുന്നു. തൊണ്ടവേദനയും വീക്കവും കുറയ്‌ക്കാനും സഹായിക്കും. ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ അടഞ്ഞ മൂക്കിന് പരിഹാരം നൽകും.
- തുളസിയിലെ വിറ്റാമിൻ സി ആൻ്റിഓക്‌സിഡൻ്റുകൾ, സിങ്ക് എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ആൻറി ബാക്ടീരിയൽ, ആൻ്റി വൈറൽ ഗുണങ്ങൾ പനി കുറയ്‌ക്കാൻ സഹായിക്കുന്നു.
- ഗ്രാമ്പൂവിലെ യൂജെനോൾ മൂക്കടപ്പിന് പരിഹാരം നൽകുന്നു. ശ്വസനം എളുപ്പമാക്കുന്നു.