റായ്പൂർ: കോടികളുടെ മദ്യ കുംഭകോണ കേസിൽ ഛത്തീസ്ഗഡ് മുൻ എക്‌സൈസ് മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ കവാസി ലഖ്മയെ ഇഡി അറസ്റ്റ് ചെയ്തു. സുക്മയിലെ കോണ്ടയിൽ നിന്നും ആറ് തവണ എംഎൽഎ ആയ നേതാവാണ് കവാസി ലഖ്മ. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഴിമതിയുടെ പ്രതിഫലം മാസതവണയായി കവാസി ലഖ്മ കൈപ്പറ്റിയിരുന്നുവെന്നാണ് കണ്ടെത്തൽ. 2,161 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന കാലത്ത് അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു കവാസി ലഖ്മയെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. ലഖ്മയെ വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
ഛത്തീസ്ഗഢ് സ്‌റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന് വേണ്ടി മദ്യം വാങ്ങിയ ഡിസ്റ്റിലറികളിൽ നിന്നും കൈക്കൂലി വാങ്ങിയെന്നതുൾപ്പെടെയാണ് ആക്ഷേപം. 2019-2022 കാലഘട്ടത്തിലാണ് അഴിമതി നടന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ റായ്പൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ റായ്പൂർ, ധാംതാരി, സുക്മ ജില്ലകളിലായി ഏഴിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. കവാസി ലഖ്മയുടെ വീട്ടിലും അദ്ദേഹത്തിന്റെ മകൻ ഹരീഷ് ലഖ്മയുടെയും മറ്റ് അടുത്ത അനുയായികളുടെയും വീടുകളിലുൾപ്പെടെ ആയിരുന്നു പരിശോധന.
കേസിൽ 205 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവ് നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു ഇഡിയുടെ പരിശോധന. അഴിമതി നടന്നുവെന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും രേഖകളും ഇഡി റെയ്ഡിൽ കണ്ടെടുത്തിരുന്നു. ഇഡിക്ക് ലഭിച്ച പരാതി അനുസരിച്ച് ഛത്തീസ്ഗഢിലെ അഴിമതി വിരുദ്ധ ബ്യൂറോ കഴിഞ്ഞ ജനുവരി 17 നാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കവാസി ലഖ്മ ഉൾപ്പെടെ 70 പേർക്ക് അഴമതിയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്.















