ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിയത് സർഫറാസ് ഖാനെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ ആരോപണം. ക്യാപ്റ്റൻ രോഹിത്തും മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഉൾപ്പെടുന്ന അവലോകന യോഗത്തിലാണ് ഗംഭീർ ഗുരുതര ആരോപണമുന്നയിച്ചത്. ടീമിലെ ആശങ്കകൾ പരിഹരിക്കാൻ കൂടിയ യോഗത്തിലെ ചർച്ചകളാണ് പുറത്തുവന്നത്. ന്യൂസ് 24 ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ബാറ്റിംഗ് നിര ടൂർണമെന്റിലുടനീളം പരാജയപ്പെട്ടിട്ടും സർഫറാസ് ഖാന് ഒരു മത്സരത്തിലും അവസരം നൽകിയിരുന്നില്ല. അതിന് ഇതുമൊരു കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബോക്സിംഗ് ഡേ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെയാണ് ഗംഭീർ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇക്കാര്യങ്ങളാണ് വാർത്തയായത്.
ചോർച്ചയിൽ ബിസിസിഐയ്‌ക്കും ഗംഭീറിനും സർഫറാസ് ഖാനോട് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. താരത്തിന്റെ ഇന്ത്യൻ ടീമിലെ ഭാവിയും അനിശ്ചിത്വത്തിലാകുമെന്നാണ് റിപ്പോർട്ട്. അതേസമയം സർഫാറാസ് ഖാനെതിരെയുള്ള ആരോപണങ്ങളിൽ തെളിവുകൾ നൽകിയതായോ ആരെങ്കിലും പ്രതികരിച്ചോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല.