തിരുവനന്തപുരം; കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണജൂബിലി മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തന്നെ വ്യക്തിപരമായി പുകഴ്‌ത്തി തയ്യാറാക്കിയ പാട്ടിനെ തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വല്ലാത്ത അധിക്ഷേപം വന്നുകൊണ്ടിരിക്കുമ്പോൾ ലേശം പുകഴ്‌ത്തൽ വന്നാൽ തന്നെ അത് നിങ്ങളിൽ അസ്വാരസ്യം ഉണ്ടാക്കുമെന്ന് ആയിരുന്നു ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി.
കവിയെ തിരിച്ചറിഞ്ഞോ എന്ന ചോദ്യത്തിന് ആരാണെന്ന് അറിയില്ല എന്നായിരുന്നു മറുപടി. ആ പാട്ട് എന്താണെന്ന് കേട്ടില്ല. വാർത്ത വന്നത് കണ്ടിരുന്നു. ഇങ്ങനൊരു കാര്യം വരുമ്പോൾ തന്നെ സകലമാന കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ടല്ലോ അങ്ങനെയുള്ളവർക്ക് വല്ലാത്ത വിഷമം സ്വാഭാവികമായി ഉണ്ടാകും. അത് അങ്ങനെയേ കാണേണ്ടതുള്ളൂ.
കാവലാൾ, ഫീനിക്‌സ് പക്ഷി, അമ്മാനമാടിയ ആൾ അങ്ങനെ പാട്ടിലെ പുകഴ്‌ത്തലുകൾ എടുത്തുപറഞ്ഞിട്ടും മുഖ്യമന്ത്രി ഇത് തള്ളിയില്ല. ഇതൊക്കെ വ്യക്തിപൂജയല്ലേയെന്ന ചോദ്യത്തിനും വലിയ എതിർപ്പുകൾ ഉയർന്നുവരുമ്പോൾ അതിന്റെ ഭാഗമല്ലാതെ ഒരുകൂട്ടർ വരുന്നു എന്നാണ് കാണേണ്ടതെന്ന് ആയിരുന്നു മറുപടി. ഞങ്ങൾ ആരും വ്യക്തിപൂജയ്‌ക്ക് നിന്നുകൊടുക്കുന്ന ആളുകൾ അല്ലെന്ന് കൂട്ടിച്ചേർക്കാനും മുഖ്യമന്ത്രി മറന്നില്ല.
കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മന്ദിര ഉദ്ഘാടനത്തിൽ 100 വനിതകൾ ചേർന്നാണ് മുഖ്യമന്ത്രിയെ സ്തുതിച്ചുകൊണ്ടുള്ള ഗാനം ആലപിക്കുക. ചെമ്പടയ്‌ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ, ദുരിതപൂർണ ജീവിതം വിപ്ലവത്തിൻ പാതയിൽ കുടുംബബന്ധമൊക്കെയും തടസമല്ലെന്നോർക്കണം, സമരധീര സാരഥി പിണറായി വിജയൻ അങ്ങനെ തുടങ്ങി വലിയ പുകഴ്‌ത്തലാണ് പാട്ടിലുടനീളവും അടങ്ങിയിരിക്കുന്നത്.
മൂന്ന് വർഷം മുൻപ് പാറശാലയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ അരങ്ങേറിയ മെഗാ തിരുവാതിരയിലെ വരികൾ ഇന്നും വൈറലാണ്. മുഖ്യമന്ത്രിയെ സ്തുതിച്ചുകൊണ്ടുള്ള കാരണഭൂതൻ ഉൾപ്പെടെയുള്ള പ്രയോഗങ്ങൾ ഈ തിരുവാതിര പാട്ടിലാണ് ഉൾപ്പെട്ടിരുന്നത്.